സംസ്ഥാനത്ത് സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ലോകോത്തര ചിത്രകാരനായിരുന്ന രാജാ രവിവർമ്മയുടെ 177-ാം ജന്മ വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചിത്രകലാ രംഗത്തെ അത്യപൂർവ്വ പ്രതിഭയായ രാജാ രവിവർമ്മയുടെ എണ്ണച്ചായത്തിൽ രചിക്കപ്പെട്ട ചിത്രങ്ങൾ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. നിത്യ ജീവിതത്തിലെ അസുലഭമായ മുഹൂർത്തങ്ങളും മാനവ ജീവിതത്തിലെ വ്യാകുലതകളും തന്മയത്വത്തോടെ രവിവർമ്മയുടെ ചിത്രങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശകുന്തള, ഹംസ ദമയന്തി, ജിപ്‌സികൾ, അമ്മയും കുഞ്ഞും തുടങ്ങിയ രവിവർമ്മ ചിത്രങ്ങൾ കാലാതീതമായി നിലകൊള്ളുന്നു. രാജാ രവിവർമ്മക്ക് ജന്മനാട്ടിൽ സ്മാരകമില്ല എന്ന പോരായ്മ പരിഹരിക്കാനാണ് 2023 ൽ രവിവർമ്മ ചിത്രങ്ങൾക്ക് മാത്രമായി ആർട്ട് ഗ്യാലറി സ്ഥാപിച്ചത്. ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ആർട്ട് ഗ്യാലറി ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഇടമായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയങ്ങൾ മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പുകളാണ്. അതിന്റെ പ്രാധാന്യം മനസിലാക്കി കേരളത്തിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല സംസ്ഥാന സർക്കാർ സ്ഥാപിച്ചു. മ്യൂസിയങ്ങളെ അവലോകനം ചെയ്യുന്നതിനും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി മ്യൂസിയം കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്. ചരിത്ര സൂക്ഷിപ്പുകൾക്ക് വളരെ പ്രാധാന്യമുള്ള കാലത്താണ് നമ്മൾ ഇന്നുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.
മ്യൂസിയം ഡയറക്ടർ പി എസ് മഞ്ജുളാദേവി, ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, ആർക്കൈവ്‌സ് ഡയറക്ടർ പാർവതി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.