കാർഷികമേഖലയെ അവഗണിച്ചുകൊണ്ട് ഒരു മുന്നേറ്റവും നമ്മുടെ നാടിനില്ല : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

11:45 AM Aug 18, 2025 |


കണ്ണൂർ :  കാർഷികമേഖലയെ അവഗണിച്ചുകൊണ്ട് ഒരു മുന്നേറ്റവും നമ്മുടെ നാടിന് സാധ്യമല്ലെന്നും കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ മന്ത്രി ആദരിച്ചു. 

 പെരളശ്ശേരി കൃഷിഭവനിൽ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച കർഷക ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നടത്തിയത്. പായസ മത്സരം, കാർഷിക ക്വിസ് , കൊട്ടമെടയൽ, തേങ്ങ പൊതിക്കൽ, കസേരകളി, ഓലമെടയൽ, തേങ്ങ ചിരവല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.

പെരളശ്ശേരി എം ഐ എസ് പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് അധ്യക്ഷനായി. കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ പി ജി ഗ്രീന കാർഷിക സെമിനാറും ഇ ആൻഡ് ടി ഡെപ്യൂട്ടി ഡയറക്ടർ എസ് വിഷ്ണു പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബീന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി സഞ്ജന, എടക്കാട് എ ഡി എ നിഷാ ജോസ്, എം.കെ മുരളി, എ മഹീന്ദ്രൻ, കെ.ഒ സുരേന്ദ്രൻ, വി.സി വാമനൻ, എൻ വി ബാബു, കെ വി ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.