മലേഷ്യ എയർലൈൻസിൻറെ കേരള സർവീസുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് മന്ത്രി റിയാസ്

07:48 PM Apr 25, 2025 |


തിരുവനന്തപുരം: ജൂൺ 6 മുതൽ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സർവീസുകൾ ആഴ്ചയിൽ നാലിൽ നിന്ന് അഞ്ചായി ഉയർത്താനുള്ള മലേഷ്യ എയർലൈൻസിൻറെ തീരുമാനത്തെ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വാഗതം ചെയ്തു. ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ലുക്ക് ഈസ്റ്റ് തന്ത്രത്തിൻറെ ഭാഗമായി മലേഷ്യ എയർലൈൻസുമായി കേരള ടൂറിസം പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൻറെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷം ജൂൺ 6 മുതൽ ക്വാലാലംപൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് മലേഷ്യ എയർലൈൻസ് പ്രസ്താവിച്ചിരുന്നു. കേരളം പിന്തുടരുന്ന ലുക്ക് ഈസ്റ്റ് നയത്തിന് അനുസൃതമായി തിരുവനന്തപുരത്തെ ഏഷ്യ-പസഫിക് മേഖലയുമായി ബന്ധിപ്പിക്കുന്നതിൽ സർവീസുകളുടെ വർധന നിർണായക പങ്ക് വഹിക്കുമെന്ന് മലേഷ്യ എയർലൈൻസ് ചൂണ്ടിക്കാട്ടി. ഏഷ്യ-പസഫിക് മേഖലയുമായി സുഗമമായി ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ പ്രവർത്തിക്കുന്ന ഏക ഫുൾ സർവീസ് പ്രീമിയം വിമാന കമ്പനിയാണ് മലേഷ്യ എയർലൈൻസ് എന്നും അവർ കൂട്ടിച്ചേർത്തു.

മലേഷ്യ എയർലൈൻസുമായി സഹകരിച്ച് ഏഷ്യ-പസഫിക് ടൂറിസം വിപണികൾ പ്രയോജനപ്പെടുത്തുന്നതിനായി ഈ മാസം ആദ്യം കേരള ടൂറിസം ഔദ്യോഗികമായി ലുക്ക് ഈസ്റ്റ് സംരംഭത്തിന് തുടക്കമിട്ടിരുന്നു. ഇതിൻറെ ഭാഗമായി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കൊറിയ, ഇന്തോനേഷ്യ, തായ് ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ് വാൻ, ജപ്പാൻ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നാൽപതോളം ടൂർ ഓപ്പറേറ്റർമാരും ഇരുപതോളം സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസേഴ്സും തിരുവനന്തപുരത്ത് എത്തി. ഇവർ പ്രധാന ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുകയും, കേരളത്തിലെ ടൂറിസം സ്റ്റേക്ക് ഹോൾഡേഴ്സുമായി ബിടുബി മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തിൻറെ മനോഹരമായ ഭൂപ്രകൃതിയും വിപുലമായ ടൂറിസം സാധ്യതകളും ഇതിൽ പ്രദർശിപ്പിച്ചു.

പുതിയ വിപണികൾ കണ്ടെത്തുന്നതിൽ കേരള ടൂറിസത്തിന് പുതിയ വഴി കാണിക്കാനും ആഗോളതലത്തിൽ സാന്നിധ്യം വിപുലപ്പെടുത്തുന്നാനുമുള്ള വലിയ കുതിച്ചുചാട്ടമായാണ് മലേഷ്യ എയർലൈൻസുമായുള്ള സഹകരണത്തെ റിയാസ് വിശേഷിപ്പിച്ചത്.