+

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്: മന്ത്രി വി അബ്ദുറഹ്‌മാൻ

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ.

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ. വിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിക്കുകയായിരുന്നു മന്ത്രി.

പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കിയതിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണതയിൽ എത്തുന്നതോടെ ക്രിസ്തീയ ജനവിഭാഗങ്ങളിലെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയിൽ വലിയ മുന്നേറ്റം സാധ്യമാകും.

ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 75,525 അഭ്യസ്തവിദ്യർക്കു പി.എസ്.സി പരിശീലനം നൽകുകയും 4330 പേർക്ക് സർക്കാർ സർവീസിൽ പ്രവേശിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ 2025 സർവേ കണക്കുകൾ പ്രകാരം മുസ്ലിം വിഭാഗത്തിൽ 18.2 ശതമാനം, പിന്നോക്ക ഹിന്ദു വിഭാഗത്തിൽ 13.6 ശതമാനം, മുന്നാക്ക ഹിന്ദു വിഭാഗത്തിൽ 11.7 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 14.1 ശതമാനം, മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 15 ശതമാനം, എസ്.സി വിഭാഗത്തിൽ 16.9 ശതമാനം, എസ്ടി വിഭാഗത്തിൽ 17.5 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക്. ഇതിൽനിന്നും വ്യക്തമാകുന്നത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വളരെ ഉയർന്നു എന്നാണ്.

വിഷൻ 2031 ലൂടെ വിദ്യാഭ്യാസത്തിലും തൊഴിലിലും ആരോഗ്യത്തിലും സാംസ്‌കാരിക ഇടപെടലുകളിലും ന്യൂനപക്ഷ വിഭാഗങ്ങളെ കേരളത്തിൽ നേതൃ സ്ഥാനത്ത് എത്തിക്കുക എന്നതാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനും അവർക്കു വിദ്യാഭ്യാസവും തൊഴിലും നൽകി മുൻപന്തിയിലേക്കു കൊണ്ടുവരാനും ലക്ഷ്യമിടുന്നു.

ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്കാവസ്ഥ പരിശോധിക്കുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തു രൂപീകരിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ 254 ശിപാർശകളിൽ 186 എണ്ണം വിവിധ വകുപ്പുകൾ നടപ്പാക്കിയിട്ടുണ്ട്. 12 ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ബാക്കിയുള്ളവ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും കരട് നയരേഖയിൽ വ്യക്തമാക്കുന്നു. ഓരോ വകുപ്പും സ്വീകരിച്ച നടപടിക്രമങ്ങളുടെ തത്സ്ഥിതിയും നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ സ്‌കോളർഷിപ്പ് പദ്ധതികളിലൂടെ ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്ന് 3,23,753 വിദ്യാർത്ഥികൾക്ക് ഇതിനോടകം സ്‌കോളർഷിപ്പ് അനുവദിച്ചിട്ടുണ്ട്. സിവിൽ സർവീസ് മേഖലയിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കു കൂടുതൽ അവസരം ഒരുക്കുന്നതിനായി കേരളത്തിന്റെ മൂന്നു മേഖലകളിലായി പ്രത്യേക സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ഒരുക്കും. ബാങ്കിംഗ്, എസ്എസ്.സി, റെയിൽവേ ഉദ്യോഗങ്ങൾക്കുള്ള പരിശീലനവും ഇതിനോടൊപ്പം ലഭ്യമാക്കും.

സൈനിക മേഖലയിൽ ന്യൂനപക്ഷങ്ങളുടെ അംഗബലം വളരെ കുറവാണ്. ഇതു വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക, അർദ്ധസൈനിക മേഖലകളിലേക്കുള്ള ശാരീരികക്ഷമതയും പരീക്ഷാ പരിശീലനം ഉൾക്കൊള്ളുന്ന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം.

മെഡിക്കൽ/എൻജിനീയറിങ് പരീക്ഷകൾക്കായി സർക്കാർ അംഗീകൃത സ്വകാര്യ കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടുത്തി പരിശീലനം നൽകും. ഉയർന്ന പഠന നിലവാരമുള്ള വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന്റെ ആവശ്യത്തിനായി ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് നടപ്പാക്കും.

ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പ്രശ്നങ്ങൾ പഠിക്കാനായി രാജ്യാന്തര നിലവാരത്തിലുള്ള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. ഒരുപക്ഷേ ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യത്തെ സംരംഭം ആയിരിക്കുമിത്. 

ന്യൂനപക്ഷ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. വിധവകൾ, വിവാഹമോചിതർ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി കാലോചിതമായ പരിഷ്‌കരണങ്ങൾക്ക് വിധേയമാക്കുന്നതും പരിഗണനയിലുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്കു നൂതന സാങ്കേതികവിദ്യയിലൂടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, ന്യൂനപക്ഷ കലകളുമായി ബന്ധപ്പെട്ട പ്രതിഭകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുക, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻതൂക്കം നൽകുന്ന പദ്ധതികൾ തുടങ്ങിയവയും പ്രധാനപ്പെട്ടതാണ്.

ഇതോടൊപ്പം സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കും പ്രത്യേക ക്ഷേമപദ്ധതികൾ കരട് നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ ശാക്തീകരണ പദ്ധതി, സ്വയംതൊഴിൽ സംരംഭകത്വ സഹായ പദ്ധതി, ഉന്നത പഠനത്തിനുള്ള പിന്തുണ, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയവ അവയിൽ ചിലതാണ്.

facebook twitter