+

അക്കാദമിക മികവ് എന്നത് അക്കാദമിക് എക്‌സലൻസായി മാറണം: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസമേഖലയുടെ മികവിനായി നിലവിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കൂടുതൽ കരുത്തോടെ എങ്ങനെ മുന്നോട്ടു പോകണമെന്ന  ആലോചനയിലാണ് വിഷൻ 2031ന്റെ ഭാഗമായി വകുപ്പിന്റെ ഭാവിവികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസമേഖലയുടെ മികവിനായി നിലവിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കൂടുതൽ കരുത്തോടെ എങ്ങനെ മുന്നോട്ടു പോകണമെന്ന  ആലോചനയിലാണ് വിഷൻ 2031ന്റെ ഭാഗമായി വകുപ്പിന്റെ ഭാവിവികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അക്കാദമിക മികവ് എന്നത് അക്കാദമിക് എക്‌സലൻസായി മാറണം. എ പ്ലസിൽ കുരുങ്ങിക്കിടക്കുന്ന ശരാശരി ചിന്തയിൽ നിന്നും സമൂഹം പരിവർത്തനപ്പെടണം. പരീക്ഷകൾ അരിപ്പകളാക്കി മാറ്റണം എന്നതിന് പകരം വിലയിരുത്തൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും മുന്നോട്ടു നയിക്കുന്നതുമായ ഒന്നായി മാറേണ്ടതുണ്ടെന്നും വിഷൻ 2031 അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.

വ്യക്തിയുടേയും സമൂഹത്തെയും വളർച്ച പരസ്പരപൂരകമാണെന്ന് തിരിച്ചറിയുന്ന അനുഭവങ്ങൾ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടാകണം. സംസ്ഥാനം നേടിയ നേട്ടങ്ങൾ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും നേട്ടങ്ങളുടെ സ്വാഭാവിക തുടർച്ചയായി കാണുന്ന വിടവുകൾ എങ്ങനെ അഭിമുഖീകരിക്കാമെന്നുള്ളതും ഭാവി വികസന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളം അഭിമുഖീകരിക്കുന്ന പ്രധാന വിടവുകളിലൊന്ന് ശാസ്ത്രീയമായ പ്രീസ്‌കൂളിംഗ് സൗകര്യമാണ്. എല്ലാ കുഞ്ഞുങ്ങളുടെയും ശരിയായ വളർച്ചയും വികാസവും ഉറപ്പുവരുത്താനുതകുന്ന സംവിധാനം മുൻഗണന നൽകി പരിഗണിക്കേണ്ട കാര്യമാണ്. പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയത് കൊണ്ട് മാത്രം കുട്ടികൾ രക്ഷപ്പെടണമെന്നില്ല. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് അറിവ് നിർമ്മിക്കുന്നവരായി കുട്ടികൾ മാറണം. അതിനായി കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുംവിധം അധ്യാപകർ മാറേണ്ടതുണ്ട്. ഇവിടെയാണ് അധ്യാപകരുടെ പ്രൊഫഷണൽ വികാസത്തിന്റെ പ്രസക്തി. കുട്ടി എന്നാൽ പഠിക്കാനുള്ള ഒരു ഉപകരണം മാത്രമാണെന്ന ധാരണ രക്ഷകർത്താക്കൾക്കിടയിൽ വളർന്നു വരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കുട്ടികളുടെ ആരോഗ്യ കായികക്ഷമത വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കണം. 

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗൗരവമേറിയ പരിഗണന നൽകും. സ്‌കൂൾ കാലഘട്ടം കഴിഞ്ഞാലുള്ള ഇവരുടെ റീഹാബിലിറ്റേഷൻ സംബന്ധിച്ച ആലോചനകളും ഉണ്ടാകേണ്ടതാണ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സാംസ്‌കാരിക തനിമയിൽ നിലനിർത്താവുന്നതിനെ അംഗീകരിച്ചുകൊണ്ട് ജീവിതം കൂടുതൽ മെച്ചപ്പെടാൻ ഏതുതരം വിദ്യാഭ്യാസ അവസരങ്ങളാണ് ഒരുക്കേണ്ടത് എന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസരംഗത്തെ ആധുനികവൽക്കരണം, എല്ലാവരെയും ഉൾച്ചേർത്തും ഉൾകൊണ്ടുമുള്ള വിദ്യാഭ്യാസം, ഗോത്രമേഖലയിലെ കുട്ടികളുടെ സാർവത്രിക എൻറോൾമെന്റും റീടെൻഷനും ഉറപ്പാക്കുക, തീരദേശവാസികളായ കുട്ടികളുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കൽ, സ്‌കൂൾമേളകളിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ, സ്‌കൂൾ ക്യാമ്പസുകളെ എങ്ങനെ ശുചിത്വ, ഹരിത, സുരക്ഷിത ക്യാമ്പസുകളായി മാറ്റാം, പ്രകൃതിക്ഷോഭങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ സജ്ജമാക്കാം, ജല പരിശോധന പോലെ സമൂഹത്തെ സഹായിക്കുന്ന പ്രവർത്തന ഇടമായി സ്‌കൂളുകളെ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയവയും വിഷൻ 2031ന്റെ ഭാഗമായി ചർച്ച ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ ഒമ്പത് വർഷത്തെ നേട്ടത്തെ കുറിച്ചുള്ള റിപ്പോർട്ട് സെക്രട്ടറി കെ.വാസുകി അവതരിപ്പിച്ചു.

Trending :
facebook twitter