നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കും : മന്ത്രി വി ശിവൻകുട്ടി

08:37 PM Oct 18, 2025 |


കോഴിക്കോട് :നൂതന സാങ്കേതിക വിദ്യാഭ്യാസം നൽകി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വടകര ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഐ.ടി.ഐകളെ പുതിയ തൊഴിൽ മേഖലകളുമായി ബന്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. നൂതന കോഴ്‌സുകൾ, വ്യവസായ മേഖലയിലെ പ്രായോഗിക പരിശീലനം, ആധുനിക ഉപകരണങ്ങൾ എന്നിവയിലൂടെ പുതിയ തൊഴിൽ പരിശീലനത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിന് നൽകുന്ന മുൻഗണനയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പഠിച്ചവർ പണിയെടുക്കണം, പണിയെടുക്കുന്നവർ മുന്നേറണം എന്ന ആശയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വില്യാപ്പള്ളി മംഗലോറ മലയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള 1.7 ഏക്കർ സ്ഥലത്ത് 6.96 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. ക്ലാസ് റൂം, വർക്ഷോപ്പ്, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, സ്റ്റോർ റൂം തുടങ്ങിയവ ഉൾപ്പെടുന്ന നൂതന രീതിയിൽ രൂപകൽപന ചെയ്ത കെട്ടിടം വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് നിർമിച്ചത്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ മൂന്ന് ട്രേഡുകളാണ് ഐ.ടി.ഐയിലുള്ളത്.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സിമി, കെ സുബിഷ, രജിത കോളിയോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ എം ബാബു, അസി. എഞ്ചിനീയർ സുരഭി, പ്രിൻസിപ്പൽ ഇ സിന്ധു, ഡി ഡി സുരേഷ് കുമാർ, വാർഡ് മെമ്പർ രാഗിണി തച്ചോളി തുടങ്ങിയവർ സംസാരിച്ചു.