
തിരുവനന്തപുരം: എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിഷൻ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ സ്കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി വഴി 43.7 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നൽകുന്നത്. കൂടുതൽ പേർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പദ്ധതി ആവിഷ്ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബർ 12 യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനമാണ്. എല്ലാവർക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ദിനം. ആരും ആരോഗ്യ സേവനങ്ങൾ ലഭിക്കാതെ പിന്നിലാക്കപ്പെടാതിരിക്കുക, ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആളുകൾ തള്ളപ്പെടാതിരിക്കുക, ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാനുള്ള സർക്കാരുകളുടെയും ആഗോള സംഘടനകളുടെയും പ്രതിബദ്ധത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗജന്യ ചികിത്സയിൽ മാതൃകയാണ് കേരളം. കഴിഞ്ഞ 3 വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ആരോഗ്യ മന്ഥൻ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. 5 വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7627 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേർക്ക് 593 കോടിയുടെ സൗജന്യ ചികിത്സയും നൽകി.
ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവിൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്. പൊതു സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികൾ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കൾക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും.
പദ്ധതികൾ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും ദിശ ഹെൽപ് ലൈൻ നമ്പർ (1056/104), സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ/സംസ്ഥാന ഓഫീസുകൾ എന്നിവയെ ബന്ധപ്പെടാവുന്നതാണ്