
നാടിന്റെ ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്കാകെ ആശ്വാസം പകരുന്ന ഒന്നാണ് സഹകരണമേഖലയെന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
മഹാപ്രളയം ഉണ്ടായപ്പോൾ സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം വീടുകൾ വച്ചുകൊടുത്തു. കോവിഡിന്റെ കാലത്ത് കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. വയനാട് ദുരന്തം ഉണ്ടായപ്പോൾ അവിടെയും 600 ലക്ഷത്തിലധികം രൂപയുടെ വായ്പകൾ എഴുതിത്തള്ളിയ ഏക ബാങ്ക് സഹകരണമേഖലയിൽ നിന്നുള്ള കേരള ബാങ്കാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ കേരള ബാങ്ക് മറ്റു ബാങ്കുകൾക്ക് മാതൃകയാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഹകരണമേഖലയുടെ പ്രാഥമിക ലക്ഷ്യം സാമൂഹ്യ പ്രതിബദ്ധതയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സാധാരണക്കാർക്കും കൃഷിക്കാർക്കും വായ്പ നൽകി അവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ഒരു സമാന്തര സാമ്പത്തിക സങ്കേതമായി സഹകരണ പ്രസ്ഥാനം ബലിഷ്ഠമായ കരങ്ങളുമായി സംസ്ഥാനത്ത് നിലകൊള്ളുന്നു. അത് ചോദ്യം ചെയ്യാനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനും ആർക്കും കഴിയില്ല. നല്ലവിധത്തിൽ തന്നെ അത് മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വി. ജോയ് എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.