രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്ത്. മിനിട്സില്‍ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തില്‍ പറയുന്നത്. ആദ്യം അംഗീകരിച്ച മിനിട്സില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മിനിട്സ് മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മാറ്റം സര്‍ക്കാര്‍ പിന്തുടരുന്ന സാധാരണ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും കൃഷി വകുപ്പ് ഗവര്‍ണറെ അറിയിച്ചു. രണ്ടാമത് നല്കിയ മിനിട്സില്‍ പുഷ്പാര്‍ച്ചന കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന്നോടുള്ള എതിര്‍പ്പ് കത്തില്‍ നേരിട്ട് പറയുന്നില്ല.
കാര്യപരിപാടികള്‍ സംബന്ധിച്ച് രാജ്ഭവന് ഇറക്കിയ ആദ്യ നോട്ടീസ് മാറ്റി രണ്ടാമത് ഒരു നോട്ടീസ് നല്‍കുകയായിരുന്നു. ഇതില്‍ വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിക്കണം എന്നത് ചടങ്ങില്‍ ഉള്‍പ്പെടുത്തി. രാജ്ഭവന്റെ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് നിലപാട് കൃഷി മന്ത്രി രാജ്ഭവനെ അറിയിച്ചെങ്കിലും പിന്മാറാന് തയ്യാറായില്ല. ഇതോടെയാണ് അവസാന നിമിഷം പരിപാടി ബഹിഷ്കരിക്കാന്‍ കൃഷിമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തീരുമാനിച്ചത്.