ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

06:44 AM May 14, 2025 |


ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികള്‍ ഇപ്പോള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.

ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ പതിഞ്ചുകാരന്‍ മുഹമ്മദ് അഫ്രീദിനെയും പതിമൂന്നുകാരന്‍ മുഹമ്മദ് ഹഫീസിനെയും അയല്‍വാസിയായ ഫറാദിന്റെ മകന്‍ 15 വയസുള്ള അദീന്‍ മുഹമ്മദിനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ട്രെയിനില്‍ കയറി വിദ്യാര്‍ഥികള്‍ പോയതായാണ് പൊലീസിന് ലഭിച്ച സൂചന.

വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.