
തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച ദാരുണസംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതാണെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. സംഭവത്തില്‍ അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്. മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയെന്നും മന്ത്രി പറഞ്ഞു.
ഒരു പയ്യന്റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണെന്നും ഇതിലാണ് കറണ്ടടിച്ചതെന്നും അപ്പോഴെ പയ്യന്‍ മരിച്ചെന്നും അത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി വ്യക്തമാക്കി. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.