തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തിരക്കിന് തെല്ലും കുറവൊന്നുമില്ല. പുറത്തിറങ്ങി അഞ്ച് ദിവസം കഴിയുമ്പോഴും തിയേറ്ററുകളിൽ ആഘോഷങ്ങൾ തുടരുകയാണ്. തിയേറ്ററുകളിൽ നിന്നുള്ള ആരാധകരുടെ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്.
എറണാകുളം കവിത, കോഴിക്കോട് അപ്സര തുടങ്ങിയ തിയേറ്ററുകളിൽ അഞ്ചാം ദിനവും നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓരോ ഡയലോഗിനും പാട്ടുകൾക്കുമൊത്ത് ചുവടുവെക്കുന്ന ആരാധകരെ വീഡിയോയിൽ കാണാനാകും. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷൻ കൂടാനാണ് സാധ്യത.
റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളക്ഷൻ മികച്ചതാണെങ്കിലും മോഹൻലാൽ സിനിമകളുടെ റീ റീലിസ് സിനിമകളുടെ കളക്ഷനെ മറികടക്കാൻ രാവണപ്രഭുവിന് ആയിട്ടില്ല. ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്.ഭദ്രൻ ഒരുക്കിയ സ്ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീറിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.
അതേസമയം, രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളും റീ റിലീസ് ചെയ്തിരുന്നു.