തിരക്കേറിയ സ്ഥലങ്ങളില്‍ മൊബൈല്‍ മോഷണം : പ്രതി അറസ്റ്റില്‍

03:20 PM Jul 03, 2025 | AVANI MV

പാലക്കാട്: തിരക്കേറിയ സ്ഥലങ്ങളില്‍ മൊബൈല്‍ മോഷണം പതിവാക്കിയ ആള്‍  അറസ്റ്റില്‍. കല്ലേക്കാട് കുരുക്കമ്പാറ വാരിയമ്പറമ്പ് രമേശ് കണ്ണനെ(52)യാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ കാദംബരി ഹോട്ടലിലെ ജീവനക്കാരന്‍ നാരായണന്റെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

 സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കിട്ടിയത്. ജനത്തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ മോഷണം നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രി, കെ.എസ്.ഇ.ബി ഓഫീസ്, കോട്ടമൈതാനം എന്നിവയെല്ലാം ഇയാളുടെ വിഹാരകേന്ദ്രങ്ങളാണ്. മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്. പ്രതിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ സൗത്ത് എസ്.ഐ വി. ഹോമലത, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ബിജു എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.