'മോദിക്ക് ട്രംപിനെ ഭയമാണ്' : രാഹുൽ ഗാന്ധി

11:18 AM Oct 16, 2025 | Neha Nair

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ​ട്രംപിൻറെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിക്ക് ട്രംപിനെ ഭയമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ട്രംപിനെ മോദി ഭയപ്പെടുന്നതിന് കാരണമായ അഞ്ച് സംഭവങ്ങളും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു, ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും ട്രംപിന് അഭിനന്ദന സന്ദേശങ്ങൾ അയക്കുന്നത് മോദി തുടരുന്നു, ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കി, ട്രംപ് പങ്കെടുത്ത ഈജിപ്തിലെ ഷാം അൽ-ഷേഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ നിന്ന് മോദി വിട്ടുനിന്നു. പാകിസ്താനെതിരെ ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് സംബന്ധിച്ച ട്രംപിൻറെ അവകാശവാദത്തെ മോദി ഖണ്ഡിക്കുന്നില്ല -രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ ഡോണൾഡ് ​ട്രംപ് ആവർത്തിക്കുകയാണ് ചെയ്യുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പുനൽകിയെന്നാണ് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപ് പ്രസ്താവിച്ചത്. യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും ട്രംപ് അവകാശപ്പെട്ടു.

‘ഇന്ത്യ എണ്ണ വാങ്ങുന്നതിൽ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി. അത് നിർണായകമായ നടപടിയാണ്. ഇനി ചൈനയെ കൊണ്ടും ഇത് തന്നെ ചെയ്യിപ്പിക്കും’ - ട്രംപ് ചൂണ്ടിക്കാട്ടി.

മോദിയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. റഷ്യൻ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിർത്താൻ ഇന്ത്യക്ക് കഴിയില്ല. എന്നാൽ അത് കാലക്രമേണ നടപ്പിലാകും - ട്രംപ് വ്യക്തമാക്കി. അതേസമയം, ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ-പാകിസ്താൻ യുദ്ധം തീർത്തത് താനാണെന്നും 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യയും പാകിസ്താനും യുദ്ധം നിർത്തിയെന്നുമാണ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്.

'തീരുവ പലപ്പോഴും നയതന്ത്രതലത്തിൽ വിലപേശുന്നതിന് എനിക്ക് കരുത്ത് പകർന്നിട്ടുണ്ട്. തീരുവ ഉപയോഗിച്ച് പല യുദ്ധങ്ങളും തീർത്തിട്ടുണ്ട്. ഇന്ത്യ പാകിസ്താൻ യുദ്ധം അതിനൊരു ഉദാഹരണമാണ്. 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യയും പാകിസ്താനും യുദ്ധം നിർത്താൻ തയാറാവുകയായിരുന്നു' - ട്രംപ് പറഞ്ഞു.

'ഇന്ത്യയെയും പാകിസ്താനെയും നോക്കൂ, അതുപോലെ ലോകത്ത് വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ‍യുദ്ധങ്ങൾ നോക്കൂ. ഇവയിൽ മിക്ക യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഒരു ദിവസം മാത്രമാണ് എനിക്ക് വേണ്ടി വന്നത്. തൻറെ സമാ‍ധാന സംരഭങ്ങളിലൂടെ ജീവനുകൾ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതിൽ താൻ അഭിമാനിക്കുകയാണ്ട - ട്രംപ് വ്യക്തമാക്കി.