വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തിയ തുടരും സിനിമ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഇരുവരുടെയും സീനുകള്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു.
തുടരുമിലെ ശോഭനയും മോഹന്‍ലാലും ഒന്നിച്ചുള്ള പോസ്റ്ററുകള്‍ വന്ന സമയം മുതലേ മറ്റൊരു ഹിറ്റ് ജോഡിയുടെ തിരിച്ചുവരവിനായി കൂടി പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ - ഉര്‍വശി കോംബോ എന്ന് വരുമെന്നായിരുന്നു പലരും ചോദിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും മുന്‍ ചിത്രങ്ങളിലെ രംഗങ്ങളുമായി നിരവധി പോസ്റ്റുകളും വന്നിരുന്നു. ഭരതം, കളിപ്പാട്ടം, മിഥുനം, ആടുതോമ, ലാല്‍ സലാം തുടങ്ങി വ്യത്യസ്ത ഴോണറുകളിലുള്ള നിരവധി ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി എത്തിയിട്ടുണ്ട്. ഇവയെല്ലാം വലിയ പ്രേക്ഷകപ്രീതിയും നേടിയിരുന്നു.
ഇപ്പോള്‍ ആരാധകരുടെ ഈ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി. മോഹന്‍ലാലും താനും ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോള്‍ ആളുകള്‍ ഏറെ പ്രതീക്ഷിക്കുമെന്നും അതിനൊത്ത സിനിമ വന്നാല്‍ അഭിനയിക്കുമെന്നും പറയുകയാണ് ഉര്‍വശി. തുടരുമില്‍ ശോഭനയും മോഹന്‍ലാലും ഒന്നിച്ചെത്തിയല്ലോ എന്നാണ് മോഹന്‍ലാല്‍ - ഉര്‍വശി കോംബോ തിരിച്ചെത്തുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഉര്‍വശിയുടെ പ്രതികരണം.
'എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊരു കഥ ഒത്തുവരണ്ടേ. ഞങ്ങള്‍ രണ്ട് പേരും ആകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കും. കോമഡിയ്ക്കായി കാത്തിരിക്കും. അങ്ങനെയൊരു കഥ ഒത്തുവന്നാല്‍ തീര്‍ച്ചയായും ചെയ്യും,' ഉര്‍വശി പറഞ്ഞു.
ഉര്‍വശിയുടെ ഈ വാക്കുകളെ ആഘോഷപൂര്‍വമാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാലും ഉര്‍വശിയും ഒന്നിച്ചെത്തുന്ന ഒരു കിടിലന്‍ പടത്തിനായി കാത്തിരിക്കുകയാണെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.