കണ്ണൂർ : മൊറാഴ ശിവക്ഷേത്രത്തിൽ പ്രഭാത നിശ്ശബ്ദതയിൽ ചെണ്ടയുടെ ശബ്ദം മുഴങ്ങുമ്പോൾ, അതിനൊപ്പമുയരുന്നത് രാധാകൃഷ്ണൻ എന്ന മനുഷ്യന്റെ ആത്മതാളമാണ്. ക്ഷേത്രത്തിന്റെ പരിപാലകനായിട്ടും, കലയുടെ ഭക്തനായിട്ടും, വർഷങ്ങളായി ഈ ക്ഷേത്രം രാധാകൃഷ്ണന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

വർഷങ്ങളായി ചെണ്ടയുടെ പാഠങ്ങൾ കുട്ടികൾക്കും യുവാക്കൾക്കും പകർന്നു കൊടുക്കുകയാണ് രാധാകൃഷ്ണൻ . ചെറുപ്പത്തിൽ വാദ്യകലയോട് തോന്നിയ അഭിനിവേശം വാദ്യകല സ്വായത്തമാക്കാൻ പ്രേരിപ്പിച്ചു . ഗുരുക്കന്മാരിൽ നിന്നും കലയുടെ ആത്മാവ് പഠിച്ചു,പിന്നീട്
കലാമണ്ഡലത്തിൽ പരിശീലനം നേടിയ അദ്ദേഹം, സ്വന്തം നാട്ടിലെ കുട്ടികൾക്കും യുവാക്കൾക്കും ആ പാഠങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു .

നിരവധി രാജ്യങ്ങളിൽ പരിപാടികളിൽ പങ്കെടുത്ത്, കേരളത്തിന്റെ താളവാദ്യ പാരമ്പര്യം ലോകത്തറിയിച്ചത് രാധാകൃഷ്ണന്റെ അഭിമാന നിമിഷങ്ങളാണ്.ശിഷ്യരിൽ പലരും ഇന്ന് വിവിധ കലാമണ്ഡലങ്ങളിലും വേദികളിലും മികവ് തെളിയിച്ചിരിക്കുന്നു.

തന്റെ കുടുംബത്തിൽ നിന്നും വേരൂന്നിയതാണ് രാധാകൃഷ്ണനും ഈ ക്ഷേത്രവും തമ്മിലുള്ള ബന്ധം .രാധാകൃഷ്ണന്റെ അമ്മയും ക്ഷേത്രത്തിലാണ് സേവനമനുഷ്ഠിക്കുന്നത് .

നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട് .കലാജീവിതത്തിൽ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും താളത്തിന്റെ അതിരുകൾ കടന്ന് ലോകം മുഴുവൻ മലയാളത്തിന്റെ സംഗീതമാധുരി പടർത്താനും രാധാകൃഷ്ണന് സാധിക്കട്ടെ.