ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയില്‍ പാലക്കാട് ബിജെപിയിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. വിമതയോഗത്തില്‍ പങ്കെടുത്ത ഏഴ് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കൊപ്പം നാല് പേര് കൂടി രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
ചെയര്‍പേഴ്സനും, വൈസ് ചെയര്‍പേഴ്സനും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തെ സമീപിക്കും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്, സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരാണ് രാജിക്കൊരുങ്ങുന്നത്. പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാല്‍, ഉടന്‍ സംസ്ഥാന നേതൃത്വത്തിന് ഇവര്‍ രാജിക്കത്ത് കൈമാറും എന്നാണ് വിവരം. ഇവരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ സജീവ നീക്കവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.
കൂടുതല്‍ കൗണ്‍സിലര്‍മാര്‍ കൂടി രാജി സൂചന നല്‍കിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം. കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോള്‍ ഉള്ളത്. ഇത്തരത്തില്‍ രാജി ഭീഷണിയുമായി കൗണ്‍സിലര്‍മാര്‍ മുന്നോട്ടുപോകുമ്പോള്‍ വിഷയത്തില്‍ ഒരു സമവായവും വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു.