മദർ മേരി മേയ് രണ്ടിന് പ്രദർശനത്തിനെത്തും

07:00 PM Apr 26, 2025 | Kavya Ramachandran

ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ  നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച “മദർ മേരി” മേയ് രണ്ടിന് തിയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 

ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തന്റെ ഉയർന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.

ജയിംസിനെ വിജയ്ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി, മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജൻ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.

Trending :