
എംഎസ്എഫിനും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്. പി കെ നവാസ് എന്നാന്തരം വര്‍ഗീയവാദിയാണെന്നും സഞ്ജീവ് പറഞ്ഞു. പാലക്കാട് സംഘടിപ്പിച്ച മുഹമ്മദ് മുസ്തഫ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജീവ്.
എംഎസ്എഫ് വര്‍ഗീയവാദ സംഘടനാണെന്ന് തങ്ങള്‍ എവിടെയും പറയുമെന്നും സഞ്ജീവ് പറഞ്ഞു. ഇത് പറയാന്‍ തങ്ങള്‍ക്ക് പി കെ നവാസിന്റെ ലൈസന്‍സ് ആവശ്യമില്ല. തന്നെ പഠിപ്പിക്കാന്‍ പി കെ നവാസ് ആരാണെന്നും സഞ്ജീവ് ചോദിച്ചു. തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇഎംഎസിനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ഇഎംഎസിനെ 'അക്കാവിക്കാ നമ്പൂതിരി' എന്ന് വിളിച്ചവരാണ് നിങ്ങള്‍. ആ നിങ്ങളാണോ ഇഎംഎസിനോട് ചോദിക്കാന്‍ പറഞ്ഞത്. നെല്ലും പതിരുമെന്താണെന്ന് തങ്ങള്‍ക്കറിയാം. ഇന്ന് കേരളം കണ്ട ഏറ്റവും വലിയ തെറ്റായ, പതിരായ രാഷ്ട്രീയമാണ് എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ഒന്നും അറിയാത്ത കുട്ടികളോട് പോലും വര്‍ഗീയതയാണ് എംഎസ്എഫ് പറയുന്നതെന്നും സഞ്ജീവ് പറഞ്ഞു