താനെ: റോഡരികിലൂടെ നടന്നുപോകവെ കെട്ടിടമിടിഞ്ഞുവീണ് വയോധികക്ക് ദാരുണാന്ത്യം. മുംബൈയിലെ താനെയിലാണ് സംഭവം. സന ടവറിൽ താമസിക്കുന്ന 62കാരി നാഹിദ് സൈനുദ്ദീൻ ജമാലിയാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മരുമകൾ ഇൽമ സെഹ്റ ജമാലിയ(26) ഗുരുതര പരിക്കുകളോടെ കലേസ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. റോഡിനരികിലുള്ള കെട്ടിടത്തിന്റെ ഒരു വശമിടിഞ്ഞ് അതുവഴി നടന്നു പോവുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
ദൗലത്ത് നഗറിലെ ലക്കി കോമ്പൗണ്ടിലെ ഡി- വിങ് കെട്ടിടമാണ് തകർന്നതെന്ന് മുനിസിപ്പാലിറ്റി ദുരന്ത നിവാരണ മേധാവി യാസിൽ തദ്‍വി പറഞ്ഞു. 25 വർഷം മുമ്പ് പണിത നാലു നില കെട്ടിടമാണിത്. തകർന്ന കെട്ടിടം വൻതോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമായ എന്നാൽ പെട്ടന്ന് ഒഴിഞ്ഞു പോകേണ്ടതല്ലാത്ത ‘സി2ബി’ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു.