+

പല രാജ്യങ്ങളിലെ ആശുപത്രികളും സന്ദര്‍ശിച്ചിട്ടുണ്ട്, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ലോകോത്തരം, പക്ഷെ തിരക്കോട് തിരക്ക്, വലിച്ചുവാരിയുള്ള മലയാളികളുടെ തീറ്റ നിര്‍ത്തണമെന്ന് മുരളി തുമ്മാരുകുടി

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ എല്ലാ പരിമിതിക്കുള്ളിലും ലോകോത്തരമാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ എല്ലാ പരിമിതിക്കുള്ളിലും ലോകോത്തരമാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. എന്നാല്‍, സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ഉള്‍പ്പടെ എല്ലായിടത്തും എല്ലായിപ്പോഴും വലിയ തിരക്കാണ്. മലയാളികളുടെ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളാണ് കാരണം. മലയാളികളുടെ ഭക്ഷണ ശീലങ്ങള്‍ മാറണമെന്നും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്നലെ ബോണില്‍ തിരിച്ചെത്തി. പൂജ്യത്തിന് താഴെ ഉള്ള തണുപ്പാണ്, സൂര്യനെ കാണണമെങ്കില്‍ വ്യാഴാഴ്ച വരെ കാക്കണം എന്നാണ് വെതര്‍ ഫോര്‍കാസ്റ്റ് പറയുന്നത്.
ഒരു മാസത്തില്‍ ഏറെ നാട്ടില്‍ ഉണ്ടായിരുന്നു. അറുപത് വയസ്സായത് പ്രമാണിച്ച് ഐ ഐ ടിയില്‍ പഠിച്ച സുഹൃത്തുക്കളോടൊപ്പം കാണ്‍പൂരും കാശിയും ഉള്‍പ്പെട്ട ഉത്തരായനം ആയിരുന്നു ഒരാഴ്ച.
മറ്റനവധി പരിപാടികളും ആയിട്ടാണ് നാട്ടില്‍ എത്തിയത്, സ്വകാര്യവും പൊതുവായിട്ടും ഉള്ളവ.
പക്ഷെ കാര്യങ്ങള്‍ വിചാരിച്ചത് പോലെ അല്ല പോയത്.

ഏറ്റവും അടുത്ത ബന്ധുവിന് ഒരു ബൈ പാസ്സ് സര്‍ജറി വേണ്ടി വരുന്നു. പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ പതിവുപോലുള്ള  ഒരു ചെക്ക് അപ്പിന് പോയതാണ്. അപ്പോഴാണ് ഹൃദയധമനികളിലെ ബ്ലോക്ക് കണ്ടുപിടിക്കുന്നതും ഡോക്ടര്‍മാര്‍ ബെപാസ്സ് നിര്‍ദ്ദേശിക്കുന്നതും.

ബൈപാസ്സ്  സര്‍ജറി ഇന്ന് പണ്ടത്തെപ്പോലെ അപൂര്‍വ്വമല്ല. വെങ്ങോലയില്‍ വീടിനടുത്തുള്ള രാജഗിരി ആശുപത്രിയില്‍ ആണ് നടത്തുന്നത്. ഏറെ പരിചയസമ്പന്നനും പ്രസിദ്ധനും ആയ ഡോക്ടര്‍ ശിവ് കെ നായര്‍ ആണ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.  എന്നാലും അടുത്ത ബന്ധുക്കളില്‍ ഒരാള്‍ക്ക് ആദ്യമായിട്ടാണ് ഹൃദയശസ്ത്രക്രിയ നടത്തുന്നത്.  അതിന്റെ ടെന്‍ഷന്‍ ഉണ്ട്, അനുബന്ധിച്ച തിരക്കുകളും. കുറച്ചു ദിവസം അതിനായി പോയി. ഓപ്പറേഷന്‍ ഒക്കെ നന്നായി പോയി, ബന്ധു സുഖം പ്രാപിച്ചു വരുന്നു.

എന്റെയും പതിവുള്ള മെഡിക്കല്‍ ചെക്ക് അപ്പിന്റെ സമയമായിരുന്നു. അത് യാത്രയുടെ അവസാനം ആക്കാം എന്ന് വച്ചു, കാരണം എന്തെങ്കിലും കുഴപ്പം കണ്ടുപിടിച്ചാല്‍ പിന്നെ മറ്റുള്ള പദ്ധതികള്‍ ഒക്കെ മാറ്റേണ്ടി വരുമല്ലോ !
അവസാനത്തെ മൂന്നു ദിവസങ്ങള്‍ മെഡിക്കല്‍ പരിശോധനകള്‍ക്കും അതിനുള്ള തയ്യാറെടുപ്പിനും ആയി മാറ്റി വച്ചു. എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയിലും അമൃതയിലും ആണ് പരിശോധനകള്‍ക്ക് പോകാറുള്ളത്.  അതെല്ലാം കഴിഞ്ഞു. തടി കൂടുന്നതും വ്യായാമം കുറയുന്നതും കൊണ്ടുള്ള ചില പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ മറ്റുള്ളതൊക്കെ ക്ലിയര്‍ ആണ് !.
ഒരുമാസത്തിനുള്ളില്‍ എറണാകുളത്തെ പ്രധാന ആശുപത്രികളില്‍ ഏറെ സമയം ചിലവാക്കിയപ്പോള്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ ഉണ്ട്.

1. സ്വിറ്റ്‌സര്‍ലാന്‍ഡും ജര്‍മ്മനിയും ഉള്‍പ്പടെ ലോകത്തെ പേരുകേട്ട പല ആരോഗ്യ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ എല്ലാ പരിമിതികള്‍ക്ക് ഉള്ളിലും ലോകോത്തരമാണ്.

2. സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ഉള്‍പ്പടെ എല്ലായിടത്തും എല്ലായിപ്പോഴും വലിയ തിരക്കാണ്. നഗരങ്ങളില്‍ നിന്നും മാറി വലിയ ആശുപത്രികള്‍ ഒക്കെ വരുമ്പോള്‍, 'ഇവിടെ ഇത്രമാത്രം രോഗികള്‍ ഉണ്ടാകുമോ?' എന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എല്ലായിടത്തും തിരക്കോട് തിരക്കാണ്.

3. ജീവിത ശൈലീരോഗങ്ങള്‍ ആണ് പ്രധാനവില്ലന്‍ ആയി കാണുന്നത്. പണ്ടൊക്കെ അറുപത് വയസ്സിന് മുകളില്‍ ഉള്ളവരില്‍ കൂടുതലായി കണ്ടുകൊണ്ടിരുന്ന ഷുഗറും പ്രഷറും അനുബന്ധ പ്രശ്‌നങ്ങളും ഒക്കെ അമ്പതില്‍ നിന്നും താഴേക്ക് വരുന്നു. ഹൃദയവും കിഡ്‌നിയും ലിവറും ഒക്കെ ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലാണ്.

4. ഇപ്പോഴും മറ്റു രാജ്യങ്ങളെയും മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ പോലും ചികിത്സാചിലവുകള്‍ ഏറെ കുറവാണെങ്കിലും ഇവിടെയും മെഡിക്കല്‍ ചിലവുകള്‍ കൂടുകയാണ്. ജോലിയുടെ ഭാഗമായും അല്ലാതേയും ആളുകള്‍ കൂടുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇത് പൊതുവെ ഹോസ്പിറ്റല്‍ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ആണ് ഉണ്ടാക്കുന്നത്.

5. ഒരാളുടെ ജീവിതകാലത്തെ മെഡിക്കല്‍ ചിലവുകളുടെ ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ അവസാന പത്തുവര്‍ഷങ്ങളില്‍ ആയിരിക്കും എന്നാണ് വിദേശത്തെ പഠനങ്ങള്‍ പറയുന്നത്. പൊതുവെ ജീവിത ദൈര്‍ഖ്യം കൂടി വരുന്ന  കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഈ സാഹചര്യത്തെ നേരിടാന്‍ ഇപ്പോള്‍ സാമ്പത്തികമായി തയ്യാറെടുത്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്ഥലവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് ഈ വിഷയത്തെ കൂടുതല്‍ വഷളാക്കും. വ്യക്തിപരമായും സമൂഹം എന്ന നിലയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ജീവിത ശൈലി രംഗത്ത് കാണുന്ന ചില ട്രെന്‍ഡുകളെപ്പറ്റി  ഈ അവസരത്തില്‍ പറയണം.

1. മലയാളികളുടെ ഭക്ഷണരീതിയിലും സാഹചര്യത്തിലും ഉണ്ടായിരിക്കുന്ന മാറ്റത്തെ പറ്റി 'തിന്നു മരിക്കുന്ന മലയാളി' എന്നൊരു ലേഖനം ഒരിക്കല്‍ എഴുതിയിരുന്നു. പട്ടിണി പരിചിതമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും സമ്പന്നതയിലേക്ക് ഒരു തലമുറകൊണ്ട് മാറിയതും സുഹൃത്തുക്കളോ ബന്ധുക്കളോ ആയുള്ള കൂടിച്ചേരലുകളുടെ കേന്ദ്രബിന്ദു ഭക്ഷണം ആയതും ആണ് നമ്മുടെ മോശപ്പെട്ട ഭക്ഷണരീതിയുടെ അടിസ്ഥാന കാരണം.

2. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ ഹോട്ടലില്‍ ആയാലും വിവാഹങ്ങള്‍ക്ക് ആയാലും മറ്റു ആഘോഷങ്ങള്‍ക്ക് ആയാലും കൂടുതല്‍ കൂടുതല്‍ ഭക്ഷണം നല്‍കുക എന്നതായി രീതി. ഹോട്ടലിലെ ഉച്ചയൂണിന് രണ്ടാമത് ചോറ് കൊടുക്കുന്നത്  പോലും സ്റ്റാന്‍ഡേര്‍ഡ് അല്ലായിരുന്ന തൊള്ളായിരത്തി എഴുപതുകളില്‍ നിന്നും 'അണ്‍ലിമിറ്റഡ് റൈസ് കുഴിമന്തി' എന്നത് ഹോട്ടലുകളില്‍ വ്യാപാര തന്ത്രം ആകുന്നു.

3. സാമ്പത്തിക ഞെരുക്കത്തിന്റെ പ്രതീകം ആയിരുന്ന 'ചട്ടിച്ചോര്‍' ഇപ്പോള്‍ ചട്ടി നിറയെ ഇറച്ചിയും മീനും വച്ചതും വറുത്തതും നിറച്ച് രണ്ടുപേര്‍ക്കുള്ള ഭക്ഷണവും മൂന്നുനേരത്തിന് അപ്പുറത്തുള്ള കലോറിയുമായി മാറിയിരിക്കുന്നു. രണ്ടു ചെറിയ കഷണം ഇറച്ചിയുമായി ഒരു ചാപ്‌സ് മേടിച്ച് രണ്ടുപേര്‍ പങ്കിട്ടെടുത്ത കാലത്തുനിന്നും പ്‌ളേറ്റില്‍ കൊള്ളാത്ത വലുപ്പത്തില്‍ ഉള്ള പോത്തിന്‍ കാലും മീന്‍ തലയും ഒക്കെ കറിയായി വരുന്നു.

4.  പൊതുവെ ആരോഗ്യകരം എന്ന് നാം ചിന്തിക്കുന്ന   വെജിറ്റേറിയന്‍ ഭക്ഷണങ്ങളും മസാലയുടെയും എണ്ണയുടേയും കളറിന്റേയും ഒക്കെ അമിത ഉപയോഗത്തോടെ ആരോഗ്യകരം അല്ലാതാകുന്നു. 'വീട്ടിലെ ഊണില്‍' പോലും എല്ലാ ദിവസവും പായസവുമായി പഞ്ചസാരയും കലോറിയും ഒക്കെ അവിടെയും പൊടി പൊടിക്കുന്നു.

5. ഒരോണത്തിന് ഒരു സദ്യ ഉണ്ടിരുന്നത് ഇപ്പോള്‍ ഒരു മാസം വീട്ടിലും ഓഫീസിലും ക്ലബ്ബിലും റെസിഡന്റ് അസോസിയേഷനിലും ഒക്കെയായി സദ്യ പരമ്പര ആകുന്നു. ഒരു കല്യാണം എന്നാല്‍ ഇപ്പോള്‍ നിശ്ചയം മുതല്‍ പാര്‍ട്ടി വരെ നാലോ അഞ്ചോ ഭക്ഷണ മാമാങ്കം ആണ്.

6. ഹോട്ടലില്‍ കിട്ടുന്ന ഒരു ഭക്ഷണത്തിന്റെയും കലോറി എഴുതി വക്കുന്ന രീതി ഇപ്പോഴും നമുക്കില്ല. ഹോട്ടലില്‍ ആണെങ്കിലും കല്യാണത്തിന് ആണെങ്കിലും ഒരു 'ഹെല്‍ത്തി സെക്ഷന്‍' ഇപ്പോഴും ഇല്ല.


7. ആരോഗ്യകരമായ ആരോഗ്യശീലം വളര്‍ത്താന്‍ ഡയട്ടീഷ്യന്‍സ് നടത്തുന്ന ശ്രമങ്ങള്‍ ഒക്കെ പുതിയ റെസ്റ്റോറന്റുകളും വിഭവങ്ങളും രസകരമായി പരിചയപ്പെടുത്തുന്ന 'ഹലോ ഗയ്സ്' വ്‌ലോഗ്ഗര്‍മാരുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്നു.

8. നമ്മുടെ പേരുകേട്ട ഹോട്ടലുകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനുകള്‍, സെലിബ്രിറ്റി ഷെഫുമാര്‍, കാറ്ററിങ്ങ് കമ്പനികള്‍,  ഡയട്ടീഷ്യന്മാര്‍, ഫുഡ് വോള്‍ഗര്‍മാര്‍ ഇവരൊക്കെ ഒരുമിച്ച് ശ്രമിച്ചാല്‍ കൂടുതല്‍ ആരോഗ്യകരമായ ഒരു ഭക്ഷണശീലം നമുക്കിടയില്‍ ഉണ്ടാക്കാന്‍ സാധിക്കും, മാത്രമല്ല ഹോട്ടലില്‍ ആണെങ്കിലും കാറ്ററിങ്ങ് പാര്‍ട്ടികളില്‍ ആണെങ്കിലും  ആരോഗ്യകരമായ ഭക്ഷണം വേണം എന്നുള്ളവര്‍ക്ക് അതിനുള്ള ഓപ്ഷന്‍സ് ഉണ്ടാക്കാനും സാധിക്കും.

മാറേണ്ടത് ഭക്ഷണരീതി മാത്രമല്ല, വ്യായാമങ്ങള്‍ കൂടിയാണ്.

1. ഒരുകാലത്ത് അധ്വാനം ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്‌കൂളിലോ കടയിലോ ഓഫീസിലോ പോകാന്‍ രണ്ടുകിലോമീറ്റര്‍ നടക്കേണ്ടിയിരുന്ന കാലത്ത് വ്യായാമശീലം പഠിപ്പിക്കേണ്ടതില്ലായിരുന്നു. പക്ഷെ സ്വകാര്യവാഹനങ്ങളും ഓട്ടോ ഉള്‍പ്പടെയുള്ള പൊതുഗതാഗതവും കണക്ടിവിറ്റി കൂട്ടിയപ്പോള്‍ വ്യായാമശീലങ്ങള്‍ മാറ്റേണ്ടതായിരുന്നു. അതുണ്ടായില്ല.

2. വലിയ നഗരങ്ങളില്‍ കുറച്ച് സൗകര്യങ്ങള്‍ ഒഴിച്ച് കേരളത്തില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും സുരക്ഷിതമായി നടക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല. റോഡിലെ വാഹനങ്ങളുടെ മരണപ്പാച്ചിലും, നടപ്പാത ഇല്ലാത്തതും, ഉള്ളത് തന്നെ ചതിക്കുഴികള്‍ ഉള്ളതാകുന്നതും, നായകളുടെ ശല്യവും ഒക്കെ പുറത്ത് നടക്കാന്‍ പോകുന്നത് തന്നെ ഒരു റിസ്‌ക്ക് ആക്കുന്നു.

3. വൈകീട്ടായാല്‍ നമ്മുടെ ഗ്രാമങ്ങളില്‍ ചെറുപ്പക്കാര്‍  വോളിബോളോ ഫുട്‌ബോളോ ഒക്കെ കളിക്കുന്ന  'ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' സംസ്‌കാരം ഒരിക്കല്‍ നമുക്ക് ഉണ്ടായിരുന്നു. ഇന്നത് കാണുന്നില്ല. ചിലയിടങ്ങളില്‍  ടര്‍ഫ് ഒക്കെ ഉണ്ടാകുന്നത് കാണുന്നത് സന്തോഷകരമാണ്, പക്ഷെ പൊതുവില്‍ സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് ഉണ്ടായിരിക്കുന്ന താല്പര്യം ക്രിക്കറ്റോ ഫുട്‌ബോളോ ടി വി യിലോ ഗ്രൗണ്ടിലോ കാണുന്നതായിട്ടാണ് മാറുന്നത്, കളിക്കുന്നതായിട്ടല്ല.

4. ഇത് മാറണം.   ഓരോ പഞ്ചായത്ത് - മുനിസിപ്പല്‍ വാര്‍ഡിലും പൊതുജനങ്ങള്‍ക്ക്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ,  പകലും രാത്രിയും  സുരക്ഷിതമായി വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉള്ള നടപ്പാതയും ഓപ്പണ്‍ ജിമ്മുകളും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അസംബ്‌ളി മണ്ഡലത്തിലും ഓരോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഓരോ പഞ്ചായത്തിലും ഡയാലിസിസ് സെന്ററും ആയുള്ള നമ്മുടെ ആരോഗ്യരംഗത്തെ വളര്‍ച്ച വളര്‍ച്ചയല്ല, രോഗലക്ഷണം ആണ്.

വ്യക്തിപരമായി അത്ര നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങള്‍ ഉള്ള ആളല്ല ഞാന്‍. സ്ഥിരമായ യാത്രയാണ് അതിനൊരു എക്‌സ്‌ക്യൂസ് ആയി പറയാറുള്ളത്. പക്ഷെ ഇത്തവണ ആശുപത്രികളിലൂടെ ഉള്ള യാത്ര ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ആവശ്യകത കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.  ആരോഗ്യകരമായി എണ്‍പതിനപ്പുറം പോകാവുന്ന സാഹചര്യം എനിക്കുള്‍പ്പടെ ഉള്ള മലയാളികള്‍ക്ക് ഇപ്പോള്‍ ഉണ്ട്, പക്ഷെ ഒരു ഗുരുതരമായ ജീവിത ശൈലി രോഗത്തിന് അടിമയായാല്‍ തീരുന്ന കഴിവും കറക്കവും ഒക്കെ മാത്രമേ നമുക്കുള്ളൂ. എഴുപത് വയസ്സാകുന്നതിന് മുന്‍പ് തന്നെ ഒരു  ഹോം നേഴ്സ് ഇല്ലാത്ത എണിച്ചിരിക്കാന്‍ പോലും വയ്യാത്ത തരത്തില്‍ ജിവിതത്തിന്റെ ഗുണനിലവാരം തകര്‍ന്നു പോകുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോള്‍ 'ഇന്ന് നീ നാളെ ഞാന്‍' എന്ന് മനസ്സില്‍ തോന്നുന്നുണ്ട്.   ഒരു മെഡിക്കല്‍ ചെക്കപ്പിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള തിരക്കേ നമുക്കൊക്കെ ഉള്ളൂ.

സ്വന്തം ആരോഗ്യത്തിലും കുടുംബത്തിന്റെ ആരോഗ്യത്തിലും സമൂഹത്തിന്റെ ആരോഗ്യത്തിലും കുറച്ചുകൂടി ശ്രദ്ധിക്കും എന്നും അതൊരു മുന്‍ഗണന ആക്കും എന്നതുമാണ് ഈ വര്‍ഷത്തെ പുതുവത്സര പ്രതിജ്ഞ.

 

facebook twitter