ചീട്ടുകളി വളരെ രസകരം, പോലീസ് പിറകെ പോയി പിടിക്കേണ്ടതില്ല, വേണമെങ്കില്‍ നികുതി ഈടാക്കാം, ലോട്ടറി പറ്റുമെങ്കില്‍ ഈ കളിക്കെന്താ കുഴപ്പമെന്ന് മുരളി തുമ്മാരുകുടി

09:16 AM Jul 20, 2025 |


കൊച്ചി: പണം വെച്ചുള്ള ചീട്ടുകളിക്കെതിരെ പോലീസ് നിയമനടപടിയെടുക്കരുതെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതില്‍ കുറച്ചു വാശി കൂട്ടാന്‍ ആളുകള്‍ കുറച്ചു പണം കൂടി വെയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ഈ പണംവെച്ചുള്ള ചീട്ട് കളിയ്ക്ക് ചെറിയൊരു നികുതി വെച്ച് അതൊരു നിയന്ത്രിത പരിപാടി ആക്കുക എന്നതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പൊലീസിനെന്താ ഈ വീട്ടില്‍ കാര്യം?

വെങ്ങോലയില്‍ ഇപ്പോള്‍ വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഒരു വലിയ മാവ് ഉണ്ടായിരുന്നു. വെങ്ങോല കവലയില്‍ ടെയ്ലര്‍ ആയിരുന്നു എന്റെ അമ്മാവന്‍. അദ്ദേഹത്തിന് ഉച്ചഭക്ഷണവുമായി ഞാന്‍ ഇടക്ക് വെങ്ങോലയ്ക്ക് പോകും. തിരിച്ചു വരുമ്പോള്‍ മാവിന്റെ ചുവട്ടില്‍ ഉച്ചക്ക് രണ്ടുമണി കഴിഞ്ഞാല്‍ നാട്ടിലെ ആളുകള്‍ കുറച്ചു പേര്‍ കൂടിയിരിക്കുന്നത് കാണാം. വട്ടംകൂടിയിരുന്ന് ചീട്ടുകളിയാണ് പണി. കളിക്കാന്‍ നാലോ എട്ടോ പേരേ കാണൂ.

എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ ഒരിക്കല്‍ എത്തിനോക്കി. ഞാന്‍ ഉള്‍പ്പെടെ കുറച്ചു കാണികളും ഉണ്ട്. കളിക്കുന്നവര്‍ക്കും കളി കാണാന്‍ നില്‍ക്കുന്നവര്‍ക്കും അല്പം പേടിയുണ്ട്. അവര്‍ എന്നെ പേടിപ്പിച്ചു, ചിലപ്പോള്‍ പോലീസ് വരും എന്ന് പറഞ്ഞു. അന്നെനിക്ക് അതിന്റെ കാരണം മനസ്സിലായില്ല.

അന്ന് ഞങ്ങളെ പോലീസ് പിടിച്ചില്ലെങ്കിലും അങ്ങനെ സംഭവങ്ങള്‍ ഉണ്ടായതായി പില്‍ക്കാലത്ത് വായിച്ചിട്ടുണ്ട്. പോലീസ് വരുന്നത് കണ്ട് രണ്ടാം നിലയില്‍ നിന്ന് ചാടിയും കണ്ടം വഴി ഓടിയും അപകടത്തില്‍ പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്.

ഇന്നിപ്പോള്‍ അമ്പത് വര്‍ഷം കഴിഞ്ഞും ഈ കലാപരിപാടി തുടരുന്നു. ഇന്നും എനിക്ക് അതിന്റെ ലോജിക്ക് മനസ്സിലായിട്ടില്ല. ചീട്ടുകളി വളരെ രസകരമായ ഒന്നാണ്. അതില്‍ കുറച്ചു വാശി കൂട്ടാന്‍ ആളുകള്‍ കുറച്ചു പണം കൂടി വെയ്ക്കുന്നു. അതവരുടെ ഇഷ്ടമല്ലേ? ആ കളി നടക്കുന്നിടത്ത് അടിപിടി ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അതില്‍ പോലീസ് ഇടപെടുന്നത്?

അടിപിടി ഉണ്ടാകും എന്ന പേടിയാണെങ്കില്‍ സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ ഒരു കല്യാണവീട്ടില്‍ ഉണ്ടാകുന്ന അടിപിടി ഒന്നും ചീട്ടുകളിക്കുന്നിടത്ത് ഉണ്ടാകാറില്ല! എന്നുവെച്ച് കല്യാണാഘോഷം ആരും നിയന്ത്രിക്കുന്നില്ലല്ലോ. ഇനി ലോട്ടറി ഒരു ചൂതാട്ടവും അതിന് ആളുകള്‍ അടിമപ്പെടുന്നതും അമിതമായി പണം വാത് വെക്കുമെന്നതാണ് വിഷയമെങ്കില്‍ സര്‍ക്കാര്‍ നടത്തുന്ന ലോട്ടറിക്കും ഇതൊക്കെ ബാധകമല്ലേ?

ഒരാള്‍ എത്ര ലോട്ടറി എടുക്കുന്നു എന്നതിന് സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലല്ലോ? ലോട്ടറി വില്‍ക്കുന്നവരെയോ വാങ്ങുന്നവരെയോ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നുമില്ല.
സത്യത്തില്‍ ഈ പോലീസ് ആക്ഷന്‍ ഉള്ളതുകൊണ്ടാണ് ചീട്ടുകളി സ്ഥലത്ത് അടിപിടി ഉണ്ടാകുന്നത്. കാരണം ചീട്ടുകളിച്ചാല്‍ പോലീസ് പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് അത്യാവശ്യം അടിപിടിയും തരികിടയും ഉള്ളവര്‍ മാത്രമാണ് അതിന് മുതിരുക. അപ്പോള്‍ സ്വാഭാവികമായും അവിടെ അടിപിടിക്കുള്ള സാധ്യതയും കൂടും. 

യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ഈ പണംവെച്ചുള്ള ചീട്ട് കളിയ്ക്ക് ചെറിയൊരു നികുതി വെച്ച് അതൊരു നിയന്ത്രിത പരിപാടി ആക്കുക എന്നതാണ്. അപ്പോള്‍ ഇക്കാര്യത്തില്‍ തരികിടക്കാര്‍ ന്യൂനപക്ഷമാകും, സ്ഥിരമായി ആരൊക്കെ ചൂതാട്ടം നടത്തുന്നു എന്ന് സര്‍ക്കാരിന് കണക്ക് കിട്ടും, കൂട്ടത്തില്‍ കുറച്ചു വരുമാനവും. പോരാത്തതിന് നമ്മുടെ പൊലീസിന് ജോലി ഭാരം കുറയുകയും ചെയ്യും. കേരളത്തില്‍ താരതമ്യേന വളരെ കുറച്ചു പോലീസുകാര്‍ മാത്രമേ ഉള്ളൂ.

യഥാര്‍ത്ഥത്തില്‍ പോലീസ് കൈകാര്യം ചെയ്യേണ്ട മറ്റ് വിഷയങ്ങള്‍ അനവധി ഉണ്ട്. വീട്ടിലേക്ക് മലമെറിഞ്ഞതിന് പരാതിപ്പെട്ട ദമ്പതിമാരെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ പോയ ആളുകളുള്ള നാടാണ്. ഇത്തരക്കാരെയാണ് പോലീസ് നിയന്ത്രിക്കേണ്ടത്. (ഈ വിഷയത്തിലെ നിയമവശം എന്താണെന്ന് എനിക്കറിയില്ല).

കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്‌നമോ ക്രമസമാധാന പ്രശ്‌നമോ അല്ല പണംവെച്ചുള്ള ചീട്ടുകളി. പോലീസ് വന്‍ സന്നാഹവുമായി ചെന്ന് അവരെ ഓടിച്ചിട്ട് പിടിച്ച് പണവും ഫോണും ഒക്കെ കൈക്കലാക്കുക വഴിയാണ് ഇത് വലിയ വര്‍ത്തയാകുന്നത്. ഇതൊരു ക്രമസമാധാന പ്രശ്‌നമായി എനിക്ക് തോന്നിയിട്ടില്ല.