+

രൂപയുടെ മൂല്യം നോക്കി ടൂര്‍ പോകല്ലേ, അവര്‍ നമ്മളേക്കാള്‍ സമ്പന്നരായിരിക്കും, പോക്കറ്റ് കീറുന്ന മണ്ടത്തരമെന്ന് മുരളി തുമ്മാരുകുടി

ഇന്ത്യന്‍ രൂപയുടെ മൂല്യത്തേക്കാള്‍ കുറവുള്ള രാജ്യങ്ങളിലേക്ക് ടൂര്‍ പോയാല്‍ പോക്കറ്റ് കീറുമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഈ രാജ്യങ്ങളിലെത്തിയാല്‍ ചെലവ് കുറവായിരിക്കുമെന്ന ലേഖനങ്ങള്‍ തെറ്റദ്ധരിപ്പിക്കുന്നതാണ്.

കൊച്ചി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തേക്കാള്‍ കുറവുള്ള രാജ്യങ്ങളിലേക്ക് ടൂര്‍ പോയാല്‍ പോക്കറ്റ് കീറുമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഈ രാജ്യങ്ങളിലെത്തിയാല്‍ ചെലവ് കുറവായിരിക്കുമെന്ന ലേഖനങ്ങള്‍ തെറ്റദ്ധരിപ്പിക്കുന്നതാണ്. ആളോഹരി വരുമാനം, പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി, ജി ഡി പി, ജി ഡി പി യുടെ വളര്‍ച്ച നിരക്ക്,  കറന്‍സിയുടെ മൂല്യം, കറന്‍സിയുടെ മൂല്യത്തിന്റെ മാറ്റം ഇവയൊക്കെയാണ് നോക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
 
രൂപയുടെ വിലയും യാത്രയുടെ ചിലവും

ഒരു രാജ്യത്തെ കറന്‍സിയുടെ വില ഇന്ത്യന്‍ രൂപയെക്കാള്‍ കുറവാണെങ്കില്‍ അവിടുത്തെ സമ്പദ്വ്യവസ്ഥ നമ്മളുടേതിനേക്കാള്‍ മോശമായിരിക്കുമെന്നും അവിടെ ജീവിക്കാന്‍ നമുക്ക് ചിലവ് കുറവായിരിക്കും എന്നുമുള്ള ചിന്ത സാധാരണക്കാര്‍ക്ക് ഉണ്ട്. പക്ഷെ ഈ പൊതുബോധത്തെ ഉറപ്പിക്കുന്ന ലേഖനങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നും.

വാസ്തവത്തില്‍ ഒരു രാജ്യത്തെ കറന്‍സിയുടെ വിലയും, അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ ശക്തിയും, അവിടുത്തെ ശരാശരി ജീവിതച്ചിലവും, അവിടുത്തെ ആളുകളുടെ വരുമാനവും തമ്മില്‍ ഒരു ബന്ധവുമില്ല.

വളരെ ജീവിത ചിലവുള്ള, ആളുകള്‍ക്ക് നല്ല ശമ്പളമുള്ള,  ശക്തമായ സമ്പദ്വ്യവസ്ഥ ഉള്ള രാജ്യങ്ങള്‍ക്ക് വളരെ 'വില കുറഞ്ഞ' കറന്‍സി ഉണ്ട്. ഏറ്റവും നല്ല ഉദാഹരണം ദക്ഷിണ കൊറിയ ആണ്. ഒരു ഇന്ത്യന്‍ രൂപക്ക് പതിനാറ്  ദക്ഷിണ കൊറിയന്‍ വോണ്‍ കിട്ടും. പക്ഷെ ഇന്ത്യയില്‍ നൂറു രൂപക്ക് ലഭിക്കുന്ന വസ്തുക്കള്‍ അവിടെ ആയിരത്തി അറുന്നൂറു രൂപക്ക് ലഭിക്കില്ല.രണ്ടു രാജ്യങ്ങളിലും ലഭ്യമായ ഒരു വസ്തുവിന്റെ വില താരതമ്യപ്പെടുത്തിയാല്‍ നമുക്കിത് ബോധ്യപ്പെടും. ഇന്ത്യയില്‍ ഒരു മാക് ബര്‍ഗറിന്റെ വില 250 രൂപ ആകുമ്പോള്‍ ദക്ഷിണകൊറിയയില്‍ അത് ഏഴായിരം വോണ്‍ ആണ്.  അപ്പോള്‍ കറന്‍സിയുടെ മൂല്യം കുറഞ്ഞത് കൊണ്ട് നമുക്ക് യാതൊരു ലാഭവും ഇല്ല. ദക്ഷിണകൊറിയയില്‍ യാത്ര ചെയ്തിട്ടുള്ള ആര്‍ക്കും ഇക്കാര്യം അറിയാം.

നേരെ തിരിച്ചും ഉണ്ട്.
മധ്യേഷ്യയിലെ ഏറ്റവും താഴെ നില്‍ക്കുന്ന സമ്പദ്വ്യവസ്ഥയില്‍ ഒന്നാണ് ജോര്‍ദ്ദാന്‍. ആളോഹരി വരുമാനം അയ്യായിരം ഡോളറിന് താഴെ (ജജജ വച്ച് നോക്കിയാല്‍ 10,000).  ഖത്തറിലെ ആളോഹരി വരുമാനം 80,000 ഡോളര്‍ ആണ് (ുുു വച്ച് നോക്കിയാല്‍ 130,000)     പക്ഷ ഒരു ജോര്‍ദാന്‍ ദിനാര്‍ കൊടുത്താല്‍  അഞ്ചു ഖത്തറി റിയാല്‍ കിട്ടും. അപ്പോള്‍ ഖത്തറില്‍ വന്നാല്‍ ജോര്‍ദ്ദാനികള്‍ സമ്പന്നര്‍ ആണെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്).

ആളോഹരി വരുമാനം,  പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി, ജി ഡി പി, ജി ഡി പി യുടെ വളര്‍ച്ച നിരക്ക്,  കറന്‍സിയുടെ മൂല്യം, കറന്‍സിയുടെ മൂല്യത്തിന്റെ മാറ്റം,  ഇവയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന ലേഖനങ്ങള്‍ ഞാന്‍  ഏറെ കാലം മുതല്‍ക്കേ കാണുന്നതാണ്.  അതുകൊണ്ട് തന്നെ ഒരു ലേഖനം കൊണ്ട് ഇത് അവസാനിക്കുമെന്നും തോന്നുന്നില്ല. കണ്ടപ്പോള്‍ വെറുതെ പറഞ്ഞു എന്നേ ഉള്ളൂ. രൂപയുടെ വിനിമയ മൂല്യം നോക്കി യാത്ര ചെയ്യുന്ന രാജ്യം തീരുമാനിച്ചാല്‍ പോക്കറ്റ് കീറും.

 

facebook twitter