സൗദിയില്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ വെടിവെച്ച് കൊന്ന കേസില്‍ സ്വദേശിയുടെയും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ വിദേശിയുടെയുമാണ് വധശിക്ഷ നടപ്പാക്കിയത്. മക്കയിലും അല്‍ജൗഫിലുമായാണ് ശിക്ഷ നടപ്പാക്കിയത്. രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. സൗദി പൗരനായ ആയിഷ് ബിന്‍ മലൂഹ് അല്‍-അന്‍സിയെ വെടിവച്ചു കൊന്ന കേസില്‍ സ്വദേശി പൗരനായ മംദൂഹ് ബിന്‍ ജാമിഅ ബിന്‍ ഫാലിജ് അല്‍സാലിഹിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. അല്‍ജൗഫ് ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്.
ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശരിവെച്ചാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഇത് പിന്നീട് മേല്‍കോടതികളും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് മാരക ലഹരി വസ്തുവായ ഹെറോയിന്‍ കടത്തിയ കേസില്‍ അഫ്ഗാന്‍ സ്വദേശിയായ ഗുലാം റസൂല്‍ ഫഖീറിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. മക്കാ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്.
പ്രതിക്ക് കേസിന്റെ തുടക്കത്തില്‍ തന്നെ വിചാരണ കോടതിയും പിന്നീട് പരമോന്നത കോടതിയും വധശിക്ഷ വിധിക്കുകയായിരുന്നു.