+

പലവിധ തട്ടിപ്പുകാരുടെ കൂടാരമായി ലീഗ്, സ്വര്‍ണക്കടത്തുകാരും ഹലാവക്കാരും, നാട്ടുകാരെ പറ്റിച്ച് പണം ഉണ്ടാക്കുന്നവന് പാര്‍ട്ടിയില്‍ സ്വീകാര്യത, തട്ടിപ്പുപണത്തില്‍ നിന്ന് ഫണ്ട് കൊടുത്താല്‍ മതി

മുസ്ലീം ലീഗിനകത്ത് തട്ടിപ്പികാര്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കെടി ജലീല്‍ എംഎല്‍എ. തട്ടിപ്പു പണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കോ ചന്ദ്രികയുടെ നഷ്ടം നികത്താനോ എന്തെങ്കിലും കൊടുക്കുക കൂടി ചെയ്താല്‍ എല്ലാം സലാമത്തായി.

കോഴിക്കോട്: മുസ്ലീം ലീഗിനകത്ത് തട്ടിപ്പുകാര്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കെടി ജലീല്‍ എംഎല്‍എ. തട്ടിപ്പു പണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കോ ചന്ദ്രികയുടെ നഷ്ടം നികത്താനോ എന്തെങ്കിലും കൊടുക്കുക കൂടി ചെയ്താല്‍ എല്ലാം സലാമത്തായി. എത്രമാത്രം നാട്ടുകാരെ പറ്റിച്ച് പണമുണ്ടാക്കുന്നുവോ അത്രമാത്രം ലീഗില്‍ സ്വീകാര്യത കിട്ടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സാമ്പത്തിക തട്ടിപ്പ് യോഗ്യതയാക്കിയ ലീഗ്!

സ്വര്‍ണ്ണക്കള്ളക്കടത്ത്, ഷെയര്‍ പിരിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍, വട്ടിപ്പലിശക്ക് പണം കൊടുക്കല്‍ തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്താത്ത പാര്‍ട്ടിയായി ലീഗ് മാറിയത് എങ്ങിനെയെന്ന് നേതൃത്വം സഗൗരവം ചിന്തിക്കണം. ഷൊര്‍ണൂര്‍ ഉസ്മാന്‍ അടക്കമുള്ള തട്ടിപ്പു വീരന്‍മാര്‍ എങ്ങിനെ പാണക്കാട്ടെ സ്വന്തക്കാരായെന്ന് പരിശോധിക്കണം. ലീഗിന്റെ പരമോന്നതരുമായി അടുപ്പം നടിച്ച് ആ ബന്ധം ഉപയോഗിച്ച് കോടികളാണ് ഷെയര്‍ എന്ന പേരില്‍ ഉസ്മാന്‍ ഉള്‍പ്പടെയുള്ള വിരുതന്‍മാര്‍ ലീഗിലെ സമ്പന്നരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും കൈക്കലാക്കിയതെന്ന് നേതാക്കള്‍ അറിഞ്ഞിട്ടുണ്ടോ? കോടികള്‍ ഓഹരി വാങ്ങിയ ശേഷം നാലോ അഞ്ചോ മാസം ലാഭം എന്നും പറഞ്ഞ് എന്തെങ്കിലും കൊടുക്കും. പിന്നെ അത് നിലക്കും. അന്വേഷിച്ചാല്‍ 'ബിസിനസ്' നഷ്ടത്തിലാണെന്ന് പറയും. 'കച്ചവടത്തില്‍ ലാഭം വന്നപ്പോള്‍ അതിന്റെ വിഹിതം നിങ്ങള്‍ക്ക് തന്നു. നഷ്ടത്തിലാകുമ്പോള്‍ അതും നിങ്ങള്‍ സഹിക്കണ്ടെ? പലിശ തരാമെന്ന് പറഞ്ഞല്ലല്ലോ നിങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ചത്'. ഇതാകും എല്ലാ തട്ടിപ്പുകാരുടെയും സ്ഥിരം മറുപടി.

ഇത്തരം പറ്റിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയാല്‍ പുല്ല് വില പോലും കല്‍പ്പിക്കില്ല. ലീഗിന്റെ എം.എല്‍.എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ 'ഷാഡോ വീരന്‍മാരെ' ഭയമാണ്. എന്തെങ്കിലും പറഞ്ഞാല്‍ ''പരമോന്നതന്റെ' ചെവിയില്‍ എന്തെങ്കിലും 'കുസുകുസു' പറഞ്ഞ് അടുത്ത തവണ സീറ്റ് നഷ്ടപ്പെടുത്തുമോ എന്ന  ആശങ്കയാണവര്‍ക്ക്! മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഘടനയിലെ ഈ ഫ്യൂഡല്‍ സംവിധാനം തകര്‍ക്കപ്പെടണം. തകര്‍ക്കപ്പെട്ടേ പറ്റൂ. 

എത്രമാത്രം നാട്ടുകാരെ പറ്റിച്ച് പണമുണ്ടാക്കുന്നുവോ അത്രമാത്രം ലീഗില്‍ സ്വീകാര്യത കിട്ടുന്ന സ്ഥിതി മാറിയേ പറ്റൂ. തട്ടിപ്പു പണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കോ ചന്ദ്രികയുടെ നഷ്ടം നികത്താനോ എന്തെങ്കിലും കൊടുക്കുക കൂടി ചെയ്താല്‍ എല്ലാം സലാമത്തായി (സുഖമായി). വഖഫ് സ്വത്ത് സ്വന്തമാക്കിയവരും സ്വര്‍ണ്ണ കള്ളക്കടത്തുകാരും ഹവാലക്കാരും ഉള്‍പ്പടെ എല്ലാ നിയമവിരുദ്ധ സാമ്പത്തിക കുറ്റവാളികളും ലീഗിന്റെ സ്വന്തക്കാരാകുന്നതിന്റെ രഹസ്യം ഇതാണ്. സൂക്ഷ്മതയും ഭക്തിയും നല്ലനടപ്പും ലളിത ജീവിതവും സാമ്പത്തിക അച്ചടക്കവും 'അയോഗ്യത'കളായാണ് ലീഗ് നേതൃത്വം കാണുന്നത്. 'ഒന്നുമറിയാത്ത പോയത്തക്കാര്‍' എന്നാകും ലീഗില്‍ അവര്‍ അറിയപ്പെടുക. എത്ര വില പിടിപ്പുള്ള കാറില്‍ സഞ്ചരിക്കുന്നു, എത്രമാത്രം വിലകൂടിയ ബ്രാന്‍ഡഡ് മൊബൈലും വാച്ചും കണ്ണടയും പേനയും വസ്ത്രങ്ങളും ഉപയോഗിക്കുന്നു, എത്രവലിയ ആഡംബര വീടുകളില്‍ പാര്‍ക്കുന്നു, എന്നതിനെയെല്ലാം ആശ്രയിച്ചാകും ഒരാളുടെ സ്വീകാര്യതയും പരിഗണനയും മുസ്ലിംലീഗില്‍ നിശ്ചയിക്കപ്പെടുക. പണമില്ലാത്തവന് 'പട്ടി'യുടെ വില പോലും ലീഗ് കല്‍പ്പിക്കില്ല. ഇത് മനസ്സിലാക്കിയാണ് ഏതാണ്ടെല്ലാവരും സമ്പത്ത് വാരിക്കൂട്ടാന്‍ നെട്ടോട്ടമോടുന്നത്. ലീഗിന്റെ പഞ്ചായത്ത് തലം തൊട്ട് ഈ പ്രവണത പ്രകടമാണ്.

NB: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പത്രസമ്മേളനമൊന്നും കണ്ടില്ല. 'പത്രസമ്മേളന മാനിയ' പിടികൂടിയ 45 കഴിഞ്ഞ യുവാവാണല്ലോ അദ്ദേഹം! ഫിറോസിന് വീടു പണിയാനും സ്ഥലം വാങ്ങാനും എവിടെ നിന്നാണ് കോടികള്‍ കിട്ടിയത്? സ്വദേശത്തും വിദേശത്തുമുള്ള ഏതെല്ലാം ബിസിനസുകളില്‍ തനിക്ക് പങ്കാളിത്തമുണ്ട്? അവക്കുള്ള നിക്ഷേപ തുക എങ്ങിനെയാണ് കണ്ടെത്തിയത്? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഫിറോസ് പത്രക്കാരുടെ മുന്നില്‍ വന്ന് പറഞ്ഞില്ലെങ്കില്‍ ആ ഉത്തരവാദിത്തം എനിക്കു തന്നെ ഏറ്റെടുക്കേണ്ടി വരും! ഇനി അതല്ല ഇതിനെല്ലാം ഹരീഷ് വാസുദേവന്റെ അച്ഛനാകുമോ പണം 'കടമായി' ബാങ്ക് മുഖേന നല്‍കിയിട്ടുണ്ടാവുക? നിരപരാധിയായ ഒരു 'മായിന്‍ ബീഡി' പോലും വലിക്കാത്ത സഹോദരന്‍ ജുബൈറിനെ ജാമ്യത്തിലിറക്കാന്‍ ആരാണാവോ വക്കീലിനെ ഏര്‍പ്പാടു ചെയ്തത്? അതിനുള്ള പണവും ഹരീഷിന്റെ അച്ഛന്‍ തന്നോ? 

ഇവക്കെല്ലാം ഫിറോസ് എന്ന 'തട്ടിപ്പു തുര്‍ക്കി' മറുപടി പറഞ്ഞേ പറ്റൂ.
 

facebook twitter