മുസ്‌ലിം ലീഗ് ചരിത്രത്തിൽ ദളിത്-സ്ത്രീ ശബ്ദം ; ആരാണ് ലീ​ഗ് ദേ​ശീ​യ അ​സി. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജയന്തി രാജൻ ?

03:38 PM May 16, 2025 |


രാജ്യത്ത് സ്ത്രീകൾ എല്ലാരം​ഗത്തും മുൻനിരയിലെത്തിയിട്ടും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാ‍ർട്ടികളിൽ ഉയർന്നു വന്നതുപോലൊരു സ്ത്രീ പ്രാതിനിധ്യം മുസ്ലിം ലീ​ഗിലുണ്ടായിരുന്നില്ല. ഈ വിഷയത്തിൽ മുസ്ലിം ലീ​ഗും യൂത്ത് ലീ​ഗും എം എസ് എഫുമൊക്കെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. അത്തരം വിമർശനങ്ങൾക്കൊക്കെ മറുപടിയുമായാണ് ഇത്തവണ ലീ​ഗി​ന്റെ പുതിയ ദേശീയ സമിതി ഭാരവാ​ഹി പട്ടിക പുറത്തു വന്നത്. ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗിന്റെ ദേശീയ കൗൺസിൽ യോഗം അവസാനിച്ചത് ചരിത്ര തീരുമാനവുമായാണ്.

ഇതുവരെ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന മുസ്‌ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് രണ്ട് വനിതകളെ ഉൾപ്പെടുത്തി എന്നതാണ് ആ തീരുമാനം. കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസഫറുമാണ് വനിതാ പ്രതിനിധികളായി ദേശീയ കമ്മിറ്റിയിലെത്തിയത്. ഇരുവരും അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് ഇനി ലീഗിന്റെ ദേശീയ കമ്മിറ്റിയിൽ പ്രവർത്തിക്കുക.

ആരാണ് ജയന്തി രാജൻ  ?

വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അം​ഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. വയനാട് ജില്ലയിൽ 2008 മുതൽ മുസ്ലീം ലീ​ഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സ്ഥാനാ‍ർത്ഥിയാകാൻ വേണ്ടി ലീ​ഗിലെത്തിയതോ, സ്ഥാനാ‍ർത്ഥിയെ തേടി ലീ​ഗ് ജയന്തിയെ പാർട്ടിയിലെടുത്തതോ അല്ല. സാമൂഹിക സേവന പ്രവ‍ർത്തകയായിരുന്ന ജയന്തി രാജൻ, സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരം​ഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രം​ഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം. കുടുംബപരമായി കോൺ​ഗ്രസ് പശ്ചാത്തലത്തിൽ നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലീം ലീ​​ഗി​ന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

"ശ്രേയസ്സുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ മനുഷ്യരുടെ വിഷമം അടുത്തുനിന്നു കാണാൻ സാധിച്ചു. അതിനുള്ള പരിഹാരം കാണാൻ പലവഴികൾ അന്വേഷിച്ചു. നാട്ടിൽ ലീ​ഗ് പ്രവർത്തകർ സജീമായിരുന്നു. നാട്ടിലുള്ള പള്ളിക്കമ്മിറ്റിക്കാരും ലീ​ഗ് പ്രവർത്തകരുമൊക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലവിധത്തിൽ സഹായിച്ചു. അങ്ങനെ അവരുടെ പ്രവർത്തനങ്ങളിൽ ഞാനും എ​ന്റെ പ്രവർത്തനങ്ങളിൽ അവരും പരസ്പരം സഹായിച്ചു. അങ്ങനെയാണ് ലീ​ഗുമായി സംഘടനാപരമായ അടുപ്പമുണ്ടാകുന്നത്" ജയന്തി രാജൻ സമകാലിക മലയാളത്തോട് പറഞ്ഞു.

"കൂടുതൽ സജീവമായി ലീ​ഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് 2008 മുതലാണ്. ഏതാണ്ട് ഒരു സജീവ പ്രവർത്തക തന്നെയായിരുന്നു. അങ്ങനെ നാട്ടിൽ ശ്രേയസ് പ്രവർത്തനവും ലീ​ഗ് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. പൂതാടി പഞ്ചായത്തിൽ എ​ന്റെ തറവാട് വീട് ഇരിക്കുന്ന ഇരുളം വാർഡ് വനിതാ സംവരണമായിരുന്നു. സി പി എമ്മിന് ഏറെ സ്വാധീനമുളള ഇടം. ആ വാർഡിൽ നിന്ന് മത്സരിക്കാൻ ലീ​ഗ് നേതാക്കൾ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മത്സരിച്ചു ജയിച്ച് പഞ്ചായത്തം​ഗമായി. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ‍ർപേഴ്സണായി. "

"ലീ​ഗി​ന്റെ വിവിധ പരിപാടികളിൽ പങ്കെടുത്ത് കേരളത്തിനകത്തും തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ പോയി പ്രസം​ഗിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ ലീ​ഗ് നടത്തുന്ന പരിപാടിയിലൊന്നും മതമോ പണമോ ഒന്നും തടസ്സമാകാറില്ല. എല്ലാവരെയും സഹായിക്കുക എന്നതാണ് ലീ​ഗ് എപ്പോഴും ചെയ്യുന്നത്. ലീ​ഗ് ബൈത്തുൽറഹ്മ എന്ന വീട് വച്ചുനൽകുന്ന പരിപാടിയാണെങ്കിലും പാലിയേറ്റീവ് കെയറാണെങ്കിലും നിങ്ങൾക്ക് പരിശോ​ധിക്കാവുന്നതാണ്. അപ്പോൾ മനസ്സിലാകും ലീ​ഗ് സ്വീകരിക്കുന്ന മതനിരപേക്ഷ സമീപനം. ഹിന്ദുമത വിശ്വാസിയായ ഞാൻ ഒ ഇ സി വിഭാ​ഗത്തിൽ നിന്നാണ് വരുന്നത്. എന്നോട് ഒരിക്കൽ പോലും ഒരുതരത്തിലുള്ള വിവേചനവും ലീ​ഗ് എന്ന പാർട്ടി കാണിച്ചിട്ടില്ല". ജയന്തി പറഞ്ഞു.