+

എന്റെ ജീവന്‍ ഭീഷണിയിലാണ്, ശത്രുക്കള്‍ എന്നെ ഇല്ലാതാക്കും: തേജ് പ്രതാപ് യാദവ്

ആരാണ് ആ ശത്രുക്കളെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

തന്റെ ജീവന്‍ ഭീഷണിയിലാണെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും ജന്‍ശക്തി ജനതാ ദള്‍ നേതാവുമായ തേജ് പ്രതാപ് യാദവ്. ശത്രുക്കള്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'എന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്റെ ജീവന്‍ ഭീഷണിയിലാണ്. ശത്രുക്കള്‍ ഏത് നിമിഷവും എന്റെ ജീവനെടുത്തേക്കാം. എല്ലാവരെയും എനിക്ക് ശത്രുക്കളെപ്പോലെ തോന്നുകയാണ്', തേജ് പ്രതാപ് യാദവ് പറഞ്ഞു. എന്നാല്‍ ആരാണ് ആ ശത്രുക്കളെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സുരക്ഷ വര്‍ധിപ്പിച്ചതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു തേജ് പ്രതാപിന്റെ മറുപടി.

ഇക്കഴിഞ്ഞ മെയ് 25-നാണ് ലാലു പ്രസാദ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയത്. ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചതിന് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തേജ് പ്രതാപിനെ പുറത്താക്കുന്നുവെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. അതിന് പിന്നാലെ ജനശക്തി ജനതാദള്‍ (ജെജെഡി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇത്തവണ മഹുവ മണ്ഡലത്തില്‍ നിന്നാണ് തേജ് പ്രതാപ് ജനവിധി തേടുന്നത്. ആര്‍ജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും തേജ് പ്രതാപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് തേജ് പ്രതാപ് യാദവ് പറഞ്ഞത്. അധികാരത്തോട് ആര്‍ത്തിയില്ലെന്നും അതിനേക്കാള്‍ ആദര്‍ശത്തിനും ആത്മാഭിമാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.

facebook twitter