വയനാട്ടിലെ ആത്മഹത്യ, ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടികളുടെ കോഴ വാങ്ങി, കുരുക്കില്‍പ്പെട്ടത് ഡിസിസി ട്രഷററും മകനും

09:21 AM Dec 29, 2024 | Raj C

കോഴിക്കോട്: വയനാട് ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്യാനിടയായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ നിയമനം വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി നേതാക്കള്‍ കീശയിലാക്കിയതോടെയാണ് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറക്കല്‍ എന്‍ എം വിജയനും (78) മകന്‍ ജിജേഷും (38) ജീവനൊടുക്കിയത്.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങുന്നത് കരാറുണ്ടാക്കിയത് വിജയനുമായിട്ടായിരുന്നു. ജോലി നല്‍കാനോ പണം തിരികെ കൊടുക്കാനോ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തയ്യാറാകാത്തതോടെയാണ് വിജയനും മകനും ആത്മഹത്യ ചെയ്തത്.

വിജയന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നേരത്തെതന്നെ കത്തയച്ചിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങി നല്‍കിയ തുക, നിയമനം നല്‍കാനാകാത്തതിനാല്‍ തിരികെക്കിട്ടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എന്നാല്‍, നടപടി ഉണ്ടാകാത്തതാണ് വിജയന്റെയും മകന്റെയും ദാരുണ മരണത്തിനിടയാക്കിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം.

പണം നല്‍കിയ ഒരു ഉദ്യോഗാര്‍ഥിയുടെ പിതാവുമായി വിജയന്‍ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പും പുറത്തുവന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നീ പ്രദേശത്തെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്നാണ് കരാറില്‍ പറയുന്നത്. ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്.

പണം നല്‍കിയ ഉദ്യോഗാര്‍ഥികളുടേതെന്ന് കരുതുന്ന പട്ടികയും പ്രചരിക്കുന്നുണ്ട്. ഏഴുപേരില്‍നിന്ന് 1.18 കോടി രൂപ കോഴ വാങ്ങിയതായാണ് വ്യക്തമാകുന്നത്. കോഴ നല്‍കിയിട്ടും ജോലി കിട്ടാതായതോടെ ഉദ്യോഗാര്‍ഥികള്‍ പണം തിരിച്ചുകിട്ടാന്‍ വിജയനെ സമീപിച്ചിരുന്നു. പണം തിരിച്ചുകൊടുക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിജയന്‍. കോടികളുടെ ബാധ്യത ചുമലിലായതോടെയാണ് ജീവനൊടുക്കിയത്.

പണം വാങ്ങിയ സംഭവത്തില്‍ കെപിസിസി അന്വേഷണം നടത്തിയിരുന്നതായി ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സ്ഥിരീകരിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല. വീണ്ടും അന്വേഷിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെടുമെന്നും അപ്പച്ചന്‍ പറഞ്ഞു. അതേസമയം, തനിക്കെതിരെ പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കും. താന്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പരാതിക്കാര്‍ പുറത്തുവരാത്തതെന്നും എംഎല്‍എ ചോദിച്ചു.