ആലപ്പുഴ: മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ച് കോടതി. കൊല്ലം വടക്കേവിള തണ്ടാശ്ശേരി വയലിൽ അമീർഷാൻ (26), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (32) എന്നിവർക്കാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-രണ്ട് ശിക്ഷ വിധിച്ചത്.
2023 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ സ്റ്റോറിലേക്കാണെന്ന് പറഞ്ഞ് ഹൈദരാബാദിലെ മരുന്നുനിർമാണ കമ്പനിക്ക് ഓൺലൈൻ വഴി ഓർഡർ നൽകി ലഭിക്കുന്ന മാരക ലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനായി ഒരു മെഡിക്കൽ സ്റ്റോറിന്റെ രേഖകളും ദുരുപയോഗം ചെയ്തു. 1000 എംഎൽ ഡയസെപാമാണ് ഇവർ ഓർഡർ ചെയ്ത് വരുത്തിയത്. ആലപ്പുഴ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പർ സംഘടിപ്പിച്ച് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയിൽ അയച്ചു. ബന്ധപ്പെടാനായി പ്രതികളുടെ നമ്പറാണ് കൊടുത്തത്.
എന്നാൽ, കൊറിയർ കമ്പനി ആ നമ്പറിൽ വിളിക്കാതെ മരുന്ന് മെഡിക്കൽ സ്റ്റോറിലേക്ക് നേരിട്ടെത്തിച്ചു. സംശയം തോന്നിയ മെഡിക്കൽ സ്റ്റോറുകാർ വിവരം എക്‌സൈസിനെ അറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് നർകോട്ടിക് സ്‌പെഷ്യൽ സിഐയായിരുന്ന എം. മഹേഷാണ് മയക്കുമരുന്ന് പിടികൂടി കേസന്വേഷിച്ചത്. കേസിന്റെ വിചാരണവേളയിൽ ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായിരുന്ന എം. നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക്കുമാർ, അസിസ്റ്റന്റ് കമ്മിഷണർ എ.പി. ഷാജഹാൻ എന്നിവരറിയിച്ചു.