ഭീകരര്‍ വരുന്നു ആക്രമിക്കുന്നു രക്ഷപ്പെടുന്നു, സൈന്യം നിങ്ങളുടെ കൈയ്യിലല്ലേ? എങ്ങിനെയിത് സംഭവിക്കുന്നു? വൈറലായി മോദിയുടെ ചോദ്യങ്ങളുടെ വീഡിയോ, നാണക്കേടിലായി ബിജെപി പ്രവര്‍ത്തകര്‍

02:21 PM Apr 26, 2025 | Raj C

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയാണ്. കശ്മീരില്‍ പലയിടത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന ബൈസരനില്‍ പേരിനുപോലും സൈനിക സുരക്ഷയില്ലാത്തതാണ് ഭീകരര്‍ മുതലെടുത്തത്. 26ലധികം പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച കേന്ദ്രം മറച്ചുവെക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്.

2012ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുമെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകരെ തന്നെ നാണക്കേടിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗത്തിനുശേഷം 2012ല്‍ മുംബൈയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസംഗം. അന്നത്തെ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് മോദി അന്ന് ഉയര്‍ത്തിയത്.

ഭീകരവാദികളുടെ കൈയില്‍ ആയുധം എത്തുന്നു. പണം എത്തുന്നു. മുഴുവന്‍ പണവിനിമയവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്, ആര്‍ബിഐയുടെ കൈകളിലാണ്. സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലാണ്. ഇടയില്‍ ആരും ഇല്ല. എന്നിട്ടും എന്തുകൊണ്ട് ഇത് തടയാനോ ഭീകരരെയും പിടികൂടാനോ നിങ്ങള്‍ക്ക് കഴിയുന്നില്ല. ഭീകരര്‍ക്ക് ആയുധം ലഭിക്കുന്നത് എന്തുകൊണ്ട് തടയാനാകുന്നില്ല. ഭീകരര്‍ വരുന്നു ആക്രമിക്കുന്നു, രക്ഷപ്പെടുന്നു. പ്രധാനമന്ത്രീ നിങ്ങള്‍ പറയൂ, ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും വിദേശത്തുനിന്ന് ഭീകരര്‍ എങ്ങനെ രാജ്യത്ത് കടക്കുന്നു...? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ചോദിക്കുന്നത്.

നരേന്ദ്രമോദി 2014ല്‍ അധികാരമേറ്റശേഷം പത്താന്‍കോട്ട്, ഉറി, പുല്‍വാമ അടക്കം നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. തിരിച്ചടികള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന് തടയിടാന്‍ കഴിയുന്നില്ല.