ടോവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ ട്രെയ്ലർ റിലീസ് ചെയ്തു. ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ത്രില്ലർ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ടൊവിനോ തോമസ് നരിവേട്ടയിലൂടെ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
അബിൻ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ചേരൻ, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്. ട്രെയ്ലറിൽ ആദിവാസി ജനസമൂഹത്തിന്റെ പോരാട്ടങ്ങളും പൊലീസ് ഇടപെടലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് മർദ്ദനത്തിന്റെയും ഭൂമിക്ക് മേലുള്ള അവകാശത്തിന്റെ പേരിലുള്ള ചെറുത്തുനില്പിന്റെയും കറുത്ത മുഖം ആണ് ചിത്രത്തിന്റെ പ്രതിപാദ്യമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്.
നരിവേട്ടയിലെ ആദ്യ ഗാനമായ ‘മിന്നൽ വള കയ്യിലിട്ട’ എന്ന ഗാനം ഇതിനകം യൂട്യൂബിൽ 42 ലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ജെക്ക്സ് ബിജോയ് ഈണമിടുന്ന ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. വിജയ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ചിത്രം മെയ് 16 ന് റിലീസ് ചെയ്യും.