+

ദേശീയ അപ്രന്റിസ്ഷിപ് പരിശീലന പദ്ധതി; കൂടുതൽ പേർക്ക് അവസരം

ദേശീയ അപ്രന്റിസ്ഷിപ് പരിശീലന പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് കൂടുതൽ പേർക്ക് അവസരം ലഭിച്ചു. ബിടെക്, ഡിപ്ലോമ യോഗ്യതകൾക്കു പുറമേ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ എന്നിവകൂടി ഉൾപ്പെടുത്തിയതോടെയാണിത്.

ആലപ്പുഴ: ദേശീയ അപ്രന്റിസ്ഷിപ് പരിശീലന പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് കൂടുതൽ പേർക്ക് അവസരം ലഭിച്ചു. ബിടെക്, ഡിപ്ലോമ യോഗ്യതകൾക്കു പുറമേ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ എന്നിവകൂടി ഉൾപ്പെടുത്തിയതോടെയാണിത്.
സംസ്ഥാനത്ത് കഴിഞ്ഞവർഷം അപ്രന്റിസ്ഷിപ്പിന് അപേക്ഷിച്ച പതിനായിരത്തിലേറെപ്പേരിൽ 4,130 പേരും പുതിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവരാണ്. നേരത്തേ ബിടെക്, ഡിപ്ലോമ യോഗ്യതയുള്ളവർക്കു മാത്രമായിരുന്നു അവസരം.
ഡിപ്ലോമയുള്ളവർക്ക് കുറഞ്ഞത് 8,000 രൂപയും ബിരുദമുള്ളവർക്ക് 9,000 രൂപയുമാണ് മാസംതോറുമുള്ള സ്റ്റൈപ്പൻറ്‌. ചില സ്ഥാപനങ്ങൾ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ, രജിസ്ട്രേഷൻ ഇനിയും കൂടാനാണു സാധ്യത.
പഠിച്ചിറങ്ങുന്നവർക്ക് പ്രായോഗിക വ്യവസായ പരിചയം നേടാനും ആത്മവിശ്വാസത്തോടെ തൊഴിൽമേഖലയിലേക്കു കടക്കാനുമുള്ള അവസരമാണ് പരിശീലനപദ്ധതി നൽകുന്നത്. അക്കാദമിക് അറിവും യഥാർഥ തൊഴിൽ നൈപുണ്യവും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയുടെ പ്രധാനലക്ഷ്യം.
നാറ്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലാണു പരിശീലനം. ഒരുവർഷത്തെ പരിശീലനം പൂർത്തിയാകുമ്പോൾ ദേശീയ അംഗീകാരമുള്ള അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റു നൽകും. ഉയർന്ന വേതനത്തോടുകൂടി സ്ഥിരം ജോലി നേടാൻ ഇതു സഹായിക്കും. രജിസ്റ്റർ ചെയ്യുന്നവരെ അഭിമുഖത്തിനു ശേഷമാണു തിരഞ്ഞെടുക്കുക. തൊഴിൽ വൈദഗ്ധ്യത്തിനൊപ്പം ജോലി സംസ്കാരം, ധാർമികത, പെരുമാറ്റം എന്നിവയും പരിശീലിക്കാൻ കഴിയും.
ഐടിഐ പാസായവർക്കായി നാഷണൽ അപ്രന്റിസ്ഷിപ് പ്രൊമോഷൻ സ്കീമും (നാപ്സ്) നിലവിലുണ്ട്. 7,000 രൂപയാണ് മാസംതോറും ഇവർക്കു ലഭിക്കുക.
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിൽ കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർവൈസറി ഡിവലപ്‌മെന്റ് സെന്റർ (എസ്ഡിസി) വഴിയാണ് കേരളത്തിലെ രജിസ്ട്രേഷൻ കൂടുതലും നടക്കുന്നത്. www.sdcentre.org എന്ന വെബ്സൈറ്റു വഴിയാണിത്. പദ്ധതിയുടെ പോർട്ടലായ https://nats.education.gov.in/ വഴിയും രജിസ്റ്റർ ചെയ്യാം. കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനുകീഴിലുള്ള സിഎസ്‌സി ഡിജിറ്റൽ സേവനകേന്ദ്രങ്ങളിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്
facebook twitter