
കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്ന് അംഗ വിദഗ്ധ സമിതി ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.
ദേശീയപാതയുടെ അടിസ്ഥാന നിര്‍മ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എഞ്ചിനിയറിംഗ് കണ്‍സല്‍ടന്‍സിനും കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. ചുമതലുണ്ടായിരുന്ന ദേശീയ പാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. തകര്‍ന്ന സര്‍വീസ് റോഡിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് എന്‍എച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.