+

ശബരിമലയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുന്നു നവഗ്രഹക്ഷേത്രം

സന്നിധാനത്ത് നവഗ്രഹക്ഷേത്രത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 13-ന് പ്രതിഷ്ഠ നടക്കുന്ന ക്ഷേത്രം നിർമാണശൈലികൊണ്ട് സവിശേഷവും ആകർഷകവുമാണ്

ശബരിമല: സന്നിധാനത്ത് നവഗ്രഹക്ഷേത്രത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 13-ന് പ്രതിഷ്ഠ നടക്കുന്ന ക്ഷേത്രം നിർമാണശൈലികൊണ്ട് സവിശേഷവും ആകർഷകവുമാണ്. ചെങ്ങന്നൂർ തട്ടാവിള ടി.എസ്. മഹേഷ് പണിക്കരുടെ നേതൃത്വത്തിൽ 25 ജോലിക്കാരുടെ അധ്വാനമാണ് പൂർണതയിലേക്കെത്തുന്നത്.

12 ടൺ ഭാരമുള്ള നാലു കൃഷ്ണശിലകളിലാണ് ക്ഷേത്രത്തിന്റെ പഞ്ചവർഗത്തറയും പീഠവും കൊത്തിയെടുത്തിരിക്കുന്നത്. ഒറ്റശിലയിൽ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സന്നിധാനത്തേക്ക് കൊണ്ടുവരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാണ് നാലു ഭാഗങ്ങളാക്കി കൊണ്ടുവന്ന് ഒരു ശിലാരൂപത്തിലേക്ക് മാറ്റിയത്. പഞ്ചവർഗത്തറയുടെ നാലുമൂലയ്ക്കുമുള്ള തൂണുകളാണ് മറ്റൊരു പ്രത്യേകത.

ഈ കൽത്തൂണുകൾ പഞ്ചവർഗത്തറയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നാഗബന്ധനപ്പൂട്ട് കൊണ്ടാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ ഉപയോഗിച്ചിരിക്കുന്നത് നാഗബന്ധനപ്പൂട്ടാണ്.നാഗർകോവിലിൽനിന്നാണ് കൃഷ്ണശിലകളെത്തിച്ചത്. 600 ക്യുബിക്ക് അടി നിലമ്പൂർ തേക്കാണ് തടിപ്പണികൾക്ക് ഉപയോഗിച്ചത്. 28 കഴുക്കോലുകളാണ് ക്ഷേത്രത്തിനുള്ളത്. 27 നക്ഷത്രങ്ങളേയും മകരവിളക്കിന്റെ മുഹൂർത്തം കണക്കാക്കുന്ന അഭിജിത്ത് നക്ഷത്രത്തേയുമാണ് ഇവ പ്രതിനിധീകരിക്കുന്നത്.

കഴുക്കോലുകളുടെ പുറത്തേക്കുള്ള ഭാഗത്ത് ഗജവ്യാളികളുടെ രൂപം കൊത്തിയെടുത്തിട്ടുണ്ട്. സാധാരണയിൽനിന്ന് വ്യത്യസ്തമായി അവ ശ്രീകോവിലിനുള്ളിലേക്ക് അഭിമുഖമായിട്ടാണ് പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ നാലു ദിക്കിലേക്കുമുള്ള മുഖപ്പുകളിൽ ഋഷിരൂപത്തിൽ നാല് ഗ്രഹങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. കിഴക്ക് സൂര്യനും പടിഞ്ഞാറ് ശനിയും വടക്ക് വ്യാഴവും തെക്ക് ചൊവ്വയുമാണുള്ളത്.

ഭൂകമ്പമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുംവിധമുള്ള വാസ്തുനിർമാണശൈലിയാണ് നവഗ്രക്ഷേത്രത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് മഹേഷ് പണിക്കർ പറഞ്ഞു.മേൽക്കൂര ചെമ്പ് പൊതിഞ്ഞാണുള്ളത്. ചെമ്പിലും ചിത്രപ്പണികൾ ഉണ്ട്. മച്ചിൽ അലങ്കാരപ്പണികളോടുള്ള നവഖണ്ഡം നവഗ്രഹ പലകയും സ്ഥാപിച്ചു.ഒരുമാസംകൊണ്ടാണ് ക്ഷേത്രത്തിന്റെ പണികൾ തീർത്തത്. ദേവസ്വംബോർഡ് സ്ഥപതികളിലൊരാളായ മനോജ് എസ്. നായരാണ് രൂപകല്പന.മാളികപ്പുറം ക്ഷേത്രത്തിന്റെ മുന്നിൽ കിഴക്കുവടക്കുഭാഗത്തായാണ് നവഗ്രഹക്ഷേത്രം പണിതിരിക്കുന്നത്.

facebook twitter