കണ്ണൂർ: കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച, കണ്ണൂർ മുൻ എഡിഎം കെ.നവീൻ ബാബുവിന്റെ വേർപാടിന് ബുധനാഴ്ച ഒരുവർഷം തികയും. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ചിരുന്നു.
പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് രാത്രി മലബാർ എക്സ്‌പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും എത്തിയത് ദുരന്തവാർത്തയായിരുന്നു.
എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസിൽ ഏക പ്രതിയായി. മുൻകൂർജാമ്യം കിട്ടാതിരുന്നതോടെ 10 ദിവസം ജയിലിൽ കഴിഞ്ഞു. ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം സിപിഎം നീക്കുകയുംചെയ്തു.
നവീൻ ബാബുവിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും പെട്രോൾ പമ്പിനുള്ള എതിർപ്പില്ലാരേഖയ്ക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും റവന്യു വകുപ്പും പോലീസും അന്വേഷണം നടത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല.
യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന്റെ ആത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കേസ് തലശ്ശേരിയിലെ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയും സെഷൻസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഡിസംബർ 16-നാണ് കേസ് പരിഗണിക്കുക. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ചാണ് നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.