+

നവീൻ ബാബുവിൻ്റെ മരണം : പ്രശാന്തൻ്റെ കൈക്കൂലി വാദം പൊളിയുന്നു ; പണം നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്

ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്.  ചെങ്ങളായിയിൽ പെ

കണ്ണൂർ : ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്.
 ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻ.ഒ സി അനുവദിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന പരാതിക്കാരനായ സംരഭകൻ  ടി.വി പ്രശാന്തൻ്റെ വാദം അന്വേഷണത്തിൽ തെളിഞ്ഞില്ലെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

എ.ഡി.എമ്മിൻ്റെ മരണവുമായിബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്‍റെ അന്വേഷണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് കോഴിക്കോട് എസ്.പി അബ്ദുൾ ഖാദറുടെനേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിജിലന്‍സ് കണ്ടെത്തിയത്.

naveen babu

ഇതിനായി തെളിവ് ഹാജരാക്കാൻ പ്രശാന്തിന് കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയായ അബ്ദുൾ ഖാദറാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വര്‍ണം സഹകരണ ബാങ്കിൽപണയം വെച്ചത് മുതല്‍ എഡിഎമ്മിന്‍റെ പള്ളിക്കുന്നിലുള്ള ഔദ്യോഗിക വസതിയിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ പള്ളിക്കുന്നിലുള്ള ഔദ്യോഗിക വസതിക്ക് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്‍റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന് ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന് ബാബു കൂടിക്കാഴ്ച നടക്കുന്നത്.

ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. പ്രശാന്തിന്‍റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും.

വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്‍കി. പ്രശാന്തിന്‍റെ മൊഴിയെടുത്ത കാര്യം നവീന്‍ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് അറിയിക്കുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ സ്വമേധയാകേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സർവീസിൽ സത്യസന്ധനെന്ന് പേരുകേട്ട ഉദ്യോഗസ്ഥനായ നവീൻ ബാബുവിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനാണ് പെട്രോൾ പമ്പ് സംരഭകനായ ടിവി പ്രശാന്തൻ പരാതി നൽകിയതെന്ന സംശയവും വിജിലൻസ് അന്വേഷണത്തിൽ ധ്വനിപ്പിക്കുന്നുണ്ട്.

facebook twitter