ആലപ്പുഴ: തെലുങ്ക് താരം ചിരഞ്ജീവിയും തെന്നിന്ത്യൻ നായിക നയൻതാരയും കേരളത്തില്‍. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ ആലപ്പുഴയില്‍ എത്തിയത്.ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഒരു മലയാളി യൂട്യൂബ് വ്ലോഗിലൂടെയാണ് ദൃശ്യം പുറത്തുവന്നത്.
അലങ്കരിച്ച വഞ്ചിയിലാണ് ചിരഞ്ജീവിയും നയൻതാരയും ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം.2023-ല്‍ പുറത്തിറങ്ങിയ വാള്‍ട്ടയർ വീരയ്യ, ഭോലാ ശങ്കർ എന്നീ ചിത്രങ്ങളിലാണ് ചിരഞ്ജീവിയെ പ്രേക്ഷകർ ഒടുവില്‍ കണ്ടത്. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭരാ എന്ന ചിത്രവും ചിരഞ്ജീവിയുടേതായി അണിയറയിലുണ്ട്.
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിരഞ്ജീവിയാണ് നായകൻ. മൂക്കുകത്തി അമ്മൻ, യഷ് നായകനാവുന്ന ടോക്സിക്, മണ്ണാങ്കട്ടി സിൻസ് 1960, നിവിൻ പോളി നായകനാവുന്ന ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങള്‍.