അമരാവതി: ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കാര്‍ത്തികമാസത്തിലെ ഏകാദശി ആന്ധ്രയില്‍ വിശേഷ ദിവസമാണ്. ഇതിനോടനുബന്ധിച്ച് നിരവധി പേര്‍ ദര്‍ശനത്തിനായി ഇന്ന് ക്ഷേത്രത്തിൽ എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാനായില്ല. ഇതോടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
സംഭവം അങ്ങേയറ്റം ഹൃദയഭേദകരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.