ഗാസയിൽ വെടിനിർത്തലിന് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെ, ജൂലൈ 7 ന് വൈറ്റ് ഹൗസ് സന്ദർശിക്കാനൊരുങ്ങി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം നെതന്യാഹുവിന്റെ വൈറ്റ് ഹൗസിലേക്കുള്ള മൂന്നാമത്തെ സന്ദർശനമാണിത്. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ട് ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്ക ഇടപെട്ടതിനുശേഷമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ശേഷം, ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നതായി ട്രംപ് സൂചന നൽകിയിരുന്നു.
ട്രംപും ഭരണകൂട ഉദ്യോഗസ്ഥരും ഇസ്രയേൽ നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഗാസ സംഘർഷം അവസാനിപ്പിക്കുക എന്നത് ട്രംപിന്റെ മുൻഗണനയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.ഗാസ വെടിനിർത്തൽ, ഇറാൻ, മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ച് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഇസ്രയേലി നയതന്ത്രജ്ഞനും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രിയുമായ റോൺ ഡെർമർ ഈ ആഴ്ച വാഷിംഗ്ടണിൽ എത്തും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.