ആശുപത്രിയിൽ നിന്നും നവജാത ശിശുക്കൾ കടത്തപ്പെട്ടാൽ ആ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം : സുപ്രീം കോടതി

02:35 PM Apr 16, 2025 | Neha Nair

ആശുപത്രിയിൽ നിന്നും നവജാത ശിശുക്കൾ കടത്തപ്പെട്ടാൽ ആ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് വിധിച്ച് പരമോന്നത സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കീഴ്‌ക്കോടതികൾക്ക് നിർദ്ദേശം നൽകണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് നിർദ്ദേശിച്ചു.

കുട്ടികളെ കടത്തുന്നത് തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനും സംസ്ഥാനങ്ങൾ പാലിക്കേണ്ട വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.

“ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിയാൽ, ആദ്യപടി അത്തരം ആശുപത്രികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക എന്നതാണ്” കോടതി ഉത്തരവിട്ടു.

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കടത്തു കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ലന്നു പറഞ്ഞ് അലഹബാദ് ഹൈക്കോടതിയെയും ഉത്തർപ്രദേശ് സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

പ്രതികളുടെ ജാമ്യ അപേക്ഷകൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇത് നിരവധി പ്രതികളെ ഒളിവിൽ പോകാൻ കാരണമായി. ഈ പ്രതികൾ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.

ഉത്തർപ്രദേശിൽ പ്രതികൾ ആശുപത്രിയിൽ നിന്നും കടത്തികൊണ്ട് വന്ന കുഞ്ഞിനെ, ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ച ദമ്പതികൾക്ക് എത്തിച്ചു നൽകിയതാണ് കേസ്.