നിമിഷപ്രിയയുടെ മോചനം ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

11:40 AM Jul 14, 2025 | Neha Nair

ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിൻ ആയി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിൻറെ ഭാര്യയാണെന്നതിന് യെമനിൽ രേഖകളുണ്ടായിരുന്നു. എന്നാൽ ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.