പാലക്കാട്ടെ നിപ മരണം; രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

03:51 PM Jul 14, 2025 | Renjini kannur

പാലക്കാട് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ അമ്ബത്തിയെട്ടുകാരന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

ഒരാഴ്ചമുൻപ് മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു, കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകീട്ടാണ് മണ്ണാർക്കാട്ടുനിന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിപ ലക്ഷണങ്ങളുമായി സാമ്യംതോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍കെയർ യൂണിറ്റില്‍ കിടത്തിയാണ് ചികിത്സിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംസ്കാരം.അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, പ്രാഥമികമായി നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കുമരംപത്തൂർ പഞ്ചായത്തില്‍ പ്രതിരോധപ്രവർത്തനങ്ങള്‍ തുടങ്ങി.

രോഗിയുമായി നേരിട്ട് സമ്ബർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നല്‍കി. ചികിത്സിച്ച ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും ക്വാറന്റീനില്‍ പോകാൻ നിർദേശിച്ചു. രോഗത്തിൻ്റെ ഉറവിടം വ്യക്തമായിട്ടില്ല.