പാലക്കാട് : നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് കെഎസ്ആർടിസി ബസ് . പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും കെഎസ്ആർടിസി ബസിലായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.
നിലവിൽ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേർ ആണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. നിപ വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.
അതേസമയം മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.