+

കിടക്കയില്ല, ജാതി നോക്കി രോഗിയെ കൊല്ലാന്‍ ആവശ്യപ്പെട്ടുള്ള ഡോക്ടറുടെ ഓഡിയോ ക്ലിപ് പുറത്ത്

2021 ഏപ്രില്‍ 15ന് കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കൌസര്‍ ഫാത്തിമ എന്ന യുവതിയെക്കുറിച്ചാണ് ക്ലിപ്പില്‍ പറയുന്നത്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിച്ച സമയത്ത് രോഗിയെ കൊല്ലാന്‍ സഹപ്രവര്‍ത്തകന് നിര്‍ദ്ദേശം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടറിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉദ്ഗിര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡീഷണല്‍ ജില്ലാ സര്‍ജന്‍ കൂടിയായ ഡോ ശശികാന്ത് ദേശ്പാണ്ഡെ എന്നയാള്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡോ ശശികാന്ത് ദേശ്പാണ്ഡെയുടെ ഓഡിയോ ക്ലിപ് പുറത്ത് വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡോ ശശികാന്ത് ദേശ്പാണ്ഡെയും മറ്റൊരു ഡോക്ടറായ ഡോ ശശികാന്ത് ഡാംഗേയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

2021 ഏപ്രില്‍ 15ന് കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കൌസര്‍ ഫാത്തിമ എന്ന യുവതിയെക്കുറിച്ചാണ് ക്ലിപ്പില്‍ പറയുന്നത്. 10 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഇവര്‍ ആശുപത്രി വിട്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ദയാമി അജിമൊദദീന്‍ ഗൌസോദിന്‍ ആണ് നിലവില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാര്‍ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ട സംഭാഷണം താന്‍ കേട്ടിരുന്നതായാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഡോ ശശികാന്ത് ഡാംഗേ ആരോപണം നേരിട്ട ഡോക്ടറോട്  ലൌഡ് സ്പീക്കറില്‍ നടത്തിയ സംഭാഷണമാണ് നിലവില്‍ വൈറലായിട്ടുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. 

സംഭവത്തില്‍ ലാത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോക്ടറുടെ ഫോണ്‍ പൊലീസ് പിടിച്ചെടുക്കുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭാഷണത്തിനിടയില്‍ ഡോ. ശശികാന്ത് ദേശ്പാണ്ഡെ, ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കരുത് ആ സ്ത്രീയെ കൊന്നുകളഞ്ഞേക്കൂ എന്നാണ് പറയുന്നത്. സംഭാഷത്തിനിടയില്‍ ആശുപത്രിയില്‍ കിടക്ക ലഭ്യതയെക്കുറിച്ച് ഡോ. ശശികാന്ത് ദേശ്പാണ്ഡെ അന്വേഷിച്ചിരുന്നു. കിടക്കകളൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല എന്നായിരുന്നു ശശികാന്ത് ഡാംഗേയുടെ മറുപടി. പിന്നാലെയാണ് കൊന്നുകളയാന്‍ ഡോക്ടര്‍ ആവശ്യപ്പെടുന്നത്. ഭാര്യ ആശുപത്രിയില്‍ പ്രവേശിച്ച് ഏഴാം ദിവസമാണ് നിലവില്‍ പുറത്തുവന്ന സംഭാഷണം നടന്നതെന്നാണ് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. 

facebook twitter