'ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കും'; ഷഹബാസിന്റെ മരണത്തില്‍ മഞ്ജു പത്രോസ്

07:09 AM Mar 05, 2025 | Suchithra Sivadas

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറിപ്പുമായി സിനിമ, സീരിയല്‍ താരം മഞ്ജു പത്രോസ്. മകന്റെ കൈ വളരുന്നോ കാല്‍ വളരുന്നോയെന്ന് നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ലെന്നും തന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കില്‍ ഇന്ന് താന്‍ ജയിലില്‍ ഉണ്ടായേനെയെന്നും മഞ്ജു പറഞ്ഞു.


മഞ്ജു പത്രോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''18 വയസുള്ള മകന്റെ അമ്മയാണ് ഞാന്‍. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി നോക്കി വളര്‍ത്തിയ മകന്‍. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എല്‍കെജി ക്ലാസ്സിന്റെ മുന്നില്‍ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അദ്ഭുതം ഇല്ല. കാരണം അവന്‍ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരല്‍ മുറിഞ്ഞാല്‍ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാല്‍ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും.എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മയ്ക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല.നഷ്ടപ്പെടുത്തിയത്..കാരണക്കാര്‍ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാര്‍. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ കുറെ പേര്.. പരീക്ഷയെഴുതണം പോലും.ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാന്‍ സാധിക്കുമോ ഈ പ്രവൃത്തികള്‍.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല.. അവര്‍ക്ക് മാതൃകപരമായ ശിക്ഷ നല്‍കേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല.. 'അവന്റെ കണ്ണൊന്നു പോയി നോക്ക് നീ' എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കില്‍..ഇന്ന് ഞാന്‍ ജയിലില്‍ ഉണ്ടായേനെ... എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്.... ഷഹബാസ്''