+

നഴ്‌സമ്മമാർ കരുതലേകി; നിധി പുതിയവീട്ടിലേക്ക്

 900 ഗ്രാം ഭാരമുണ്ടായിരുന്ന, ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് മിടുമിടുക്കിയായി നിധി എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് അവിടുത്തെ അമ്മമാരോട് യാത്രപറഞ്ഞു.

 900 ഗ്രാം ഭാരമുണ്ടായിരുന്ന, ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് മിടുമിടുക്കിയായി നിധി എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് അവിടുത്തെ അമ്മമാരോട് യാത്രപറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഐസിയുവില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കുഞ്ഞിന് നിധി എന്ന് പേരിട്ടിരുന്നു.

കുഞ്ഞ് വിട്ടുപോകുമ്പോള്‍ നല്ല വിഷമമുണ്ടെന്നും ഒരുപാടുകാലം നോക്കിയതു പോലെയാണ് തോന്നുന്നതെന്നും നഴ്‌സ് രമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും അവളെ സ്വന്തം കുഞ്ഞിനെപോലെതന്നെയാണ് നോക്കിയത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കും മറ്റ് നഴ്‌സുമാര്‍ക്കുമൊക്കെ നല്ല വിഷമമുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുമണി, മണിക്കുട്ടി എന്നൊക്കെ കുഞ്ഞിനെ വിളിക്കുമായിരുന്നു. എല്ലാത്തിനോടും കുഞ്ഞ് പ്രതികരിക്കുമായിരുന്നു. ബേബി നല്ല ആക്ടീവാണ്. പോകുമ്പോള്‍ വിഷമമുണ്ട്. ഞങ്ങളുടെ മക്കളെക്കാള്‍ കാര്യമായി നോക്കിയിരുന്നു. നമ്മുടെ കുഞ്ഞിനെ വേറൊരാള്‍ക്ക് കൊടുക്കുമ്പോള്‍ വിഷമമുണ്ടാകില്ലേ, അതുപോലെ, മറ്റൊരു നഴ്‌സായ ആതിര പറഞ്ഞു.

ഞങ്ങളുടെ കയ്യിലേക്ക് കിട്ടുമ്പോള്‍ ഒട്ടും സ്‌റ്റേബിള്‍ ആയിരുന്ന കുഞ്ഞായിരുന്നില്ല. ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടിയിരുന്ന, ഒരു കിലോയില്‍ താഴെ ഭാരമുള്ള കുഞ്ഞിനെയായിരുന്നു അന്ന് കയ്യിലേക്ക് കിട്ടിയത്. അതിന്റേതായ വെല്ലുവിളികളുണ്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായി.

 രണ്ടരക്കിലോ ഭാരമുണ്ട്. 37 ആഴ്ച പിന്നിട്ടു. കുഞ്ഞിനെ നല്ലരീതിയില്‍ നോക്കാന്‍ കഴിഞ്ഞതിന്റെയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ കൈമാറാന്‍ കഴിയുന്നതിന്റെയും സന്തോഷമുണ്ട്. എന്നാല്‍, അച്ഛന്റെയും അമ്മയുടെയും കയ്യിലേക്കല്ല കൊടുക്കുന്നത് എന്ന വിഷമമുണ്ട്. അച്ഛനും അമ്മയുമാണ് ഇങ്ങനൊരു കുഞ്ഞിനെ ഏറ്റെടുത്തിരുന്നതെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ. മില്‍ക്ക് ബാങ്കില്‍നിന്നുള്ള പാല്‍തന്നെയാണ് കൊടുത്തത്, കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വിജി പ്രതികരിച്ചു.

ജനുവരിയിലാണ് ജനിച്ച ഉടന്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും നിധിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ മന്ത്രി വീണാജോര്‍ജ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലായിരുന്നു ചികിത്സ. അന്ന് 950 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ചികിത്സ തുടങ്ങി. ഓക്സിജനും രക്തവും മില്‍ക്ക് ബാങ്കില്‍നിന്നു മുലപ്പാലും നല്‍കി കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തി. ഇപ്പോള്‍ സാധാരണ കുട്ടികളേപ്പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ടീമാണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞിനു് പ്രത്യേക പരിചരണം നല്‍കിയത് ന്യൂബോണ്‍ കെയറിലെ 15-ഓളം നഴ്സുമാരുമായിരുന്നു.
 

Trending :
facebook twitter