ഒയാസിസ് കമ്പനിക്കെതിരെ ചട്ടവിരുദ്ധമായി ഭൂമി കൈവശംവെച്ചതിന് കേസെടുക്കാൻ നിർദേശം

01:36 PM Mar 12, 2025 | AJANYA THACHAN

തിരുവനന്തപുരം : പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റിന് പ്രാരംഭ അനുമതി നേടിയ ഒയാസിസ് കമ്പനിക്കെതിരെ ചട്ടവിരുദ്ധമായി ഭൂമി കൈവശംവെച്ചതിന് കേസെടുക്കാൻ നിർദേശം. റവന്യൂവകുപ്പ് നടപടി തുടങ്ങി. പാലക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 23.92 ഏക്കര്‍ ഭൂമിയാണ് കമ്പനിയുടെ കൈവശമുള്ളത്. 

1963-ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കര്‍വരെയാണ് പരമാവധി കൈവശം വെക്കാവുന്ന ഭൂമി. 8.92 ഏക്കര്‍ ഭൂമിയാണ് കമ്പനി അധികമായി കൈവശംവെച്ചിരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, എം. വിന്‍സന്റ്, സി.ആര്‍. മഹേഷ് എന്നിവരുടെ ചോദ്യത്തിന് റവന്യു മന്ത്രി കെ. രാജന്‍ നല്‍കിയ നിയമസഭയില്‍ നല്‍കിയ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 

ഒമ്പത് ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി എ.പി. അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യത്തിന് രജിസ്‌ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മറുപടി നല്‍കിയിരുന്നു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ച ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യു വകുപ്പിന്റെ കീഴിലാണെന്ന മറുപടിയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയത്. 

റവന്യു വകുപ്പിനോടുള്ള ചോദ്യത്തില്‍ 15 ഏക്കര്‍ ഭൂമി വരെ കമ്പനികള്‍ക്ക് കൈവശം വെക്കാമെന്ന മറുപടി നല്‍കി. ഈ വ്യവസ്ഥയില്‍ മാറ്റങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു. കമ്പനി കൂടുതല്‍ ഭൂമി കൈവശംവെച്ചത് നിയമാനുസൃതമാണോയെന്ന ചോദ്യത്തിനാണ് കേസ് ആരംഭിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയതായി റവന്യുവകുപ്പ് വ്യക്തമാക്കിയത്.