ഒഡീഷയിൽ തെരുവ് പശുവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 40 കിലോ പ്ലാസ്റ്റിക് വസ്തുക്കൾ

11:32 PM Sep 09, 2025 | Neha Nair

ഒഡീഷ: ഒഡീഷയിൽ തെരുവ് പശുവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 40 കിലോഗ്രാം ഭാരമുള്ള പോളിത്തീൻ ബാഗുകൾ പോലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ. ബെർഹാംപൂറിലെ ഗഞ്ചം ജില്ലയിലെ സർക്കാർ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തി പശുവിന്റെ വയറ്റിൽ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്തത്. ശസ്ത്രക്രിയ നടത്താൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തതായി ഗഞ്ചം ചീഫ് ജില്ലാ വെറ്ററിനറി ഓഫീസർ (സിഡിവിഒ) അഞ്ജൻ കുമാർ ദാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശുവിന്റെ അവസ്ഥ സ്ഥിരമാണെന്നും ഒരു ആഴ്ചയോളം പശു ആശുപത്രിയിൽ തുടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് വയസ്സുള്ള പശുവിന്റെ വയറ്റിൽ നിന്ന് പോളിത്തീൻ ബാഗുകളും മറ്റ് ദഹിക്കാത്ത വസ്തുക്കളുമാണ് പുറത്തെടുത്തത്. രണ്ട് ദിവസത്തേക്ക് ആശുപത്രിയിൽ ചികിത്സ നൽകിയിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ഞായറാഴ്ച ഹിൽപട്‌ന പ്രദേശത്ത് നിന്ന് പശുവിനെ മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്യ്തു.

“പ്ലാസ്റ്റിക് ബാഗുകളിൽ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ തിന്നുന്ന തെരുവ് പശുക്കൾ പ്ലാസ്റ്റിക് വസ്തുക്കൾ കഴിക്കുന്നു. ഇത് മൃഗങ്ങളുടെ കുടലിൽ തടസ്സം ഉണ്ടാകാൻ കാരണമായി. കൂടുതൽ നേരം ശ്രദ്ധിക്കാതെ വിട്ടാൽ അവ മരിക്കും,” ശസ്ത്രക്രിയ നടത്തിയ സംഘത്തെ നയിച്ച സത്യ നാരായൺ കർ പറഞ്ഞു.

മലമൂത്ര വിസർജ്ജനത്തിനും മൂത്രമൊഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, കുറച്ചു കാലമായി മൃഗം വേദന കൊണ്ട് വയറു ചവിട്ടുന്നുണ്ടായിരുന്നുവെന്ന് സത്യ നാരായൺ കർ പറഞ്ഞു. “പശുവിന്റെ വയറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയെന്നത് ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തി. ഇവ നീക്കം ചെയ്യുന്നതിനായി ഞങ്ങൾ ഒരു വലിയ ശസ്ത്രക്രിയ നടത്തി,” അദ്ദേഹം പറഞ്ഞു.