സെയ്ഫിനേറ്റ ആറ് മുറിവുകളില്‍ രണ്ടെണ്ണം ആഴമേറിയത്; ആശുപത്രിയില്‍ എത്തിച്ചത് നട്ടെല്ലില്‍ കത്തി ആഴ്ന്നിറങ്ങിയ നിലയില്‍

06:02 AM Jan 17, 2025 | Suchithra Sivadas

മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ഏറ്റത് ആറ് മുറിവുകളെന്നും ഇതില്‍ രണ്ടെണ്ണം ആഴമേറിയവയായിരുന്നുവെന്നും ഡോക്ടര്‍മാര്‍. നട്ടെല്ലില്‍ കത്തി തറച്ച നിലയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്തു. 

നട്ടെല്ലിനേറ്റ മുറിവിന് 2.5 ഇഞ്ച് ആഴമുണ്ടായിരുന്നുവെന്നും നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും മുംബൈ ലീലാവതി ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. നീരജ് ഉത്തമണി പറഞ്ഞു.

ആറ് മുറിവുകളോടെയാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ രണ്ട് മുറിവുകള്‍ ആഴമേറിയവയായിരുന്നു. അതില്‍ പ്രധാനമായും എടുത്തുപറയേണ്ടത് നട്ടെല്ലിനേറ്റ മുറിവാണ്. തൊറാസിക് നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. നട്ടെല്ലിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നായ തൊറാസിക് നട്ടേല്ലിനേറ്റ പരിക്ക് സ്ഥിതി സങ്കീര്‍ണമാക്കിയെന്ന് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. നിതിന്‍ ധാങ്കെ പറഞ്ഞു. കുത്തേറ്റ് സ്പൈനല്‍ ഫ്ളൂയിഡ് പൊട്ടിയൊഴുകുന്ന നിലയിലായിരുന്നു. നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ നടത്തി സ്ഥിതി തൃപ്തികരമാക്കി. നട്ടെല്ലിനേറ്റ പരിക്കിന് പുറമേ സെയ്ഫിന്റെ ഇടത് കൈക്കും കഴുത്തിന്റെ വലത് ഭാഗത്തും സാരമായ മുറിവേറ്റിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ഡോ. നിതിന്‍ ധാങ്കെ പറഞ്ഞു.