ഓയിൽ സ്കിൻ ആണോ? എങ്കിൽ ഈ ഫേസ് പാക്കുകൾ ട്രൈ ചെയ്ത് നോക്കൂ

06:45 PM Jan 21, 2025 | Neha Nair

 

ചർമ്മത്തിൻറെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചർമ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചർമ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുളള ചർമ്മമുളളവർ ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകണം. ഇതിനായി നല്ലൊരു 'ഫേസ് വാഷും' ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ പരിചയപ്പെടാം....

ഒന്ന്...

ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുന്നതിലൂടെ സുഷിരങ്ങൾ അടഞ്ഞുപോകാനും ഇത് സഹായിക്കുന്നു. 2 ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും 1 ടേബിൾസ്പൂൺ പൊടിച്ച ചന്ദന പൊടിയും ചേർത്ത് മിശ്രിമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.

രണ്ട്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ചെറുപയർ പൊടി.  മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കാൻ ഒരു കപ്പ് ചെറുപയർ, ഒരു നുള്ള് മഞ്ഞൾ, കുറച്ച് പാൽ എന്നിവ എടുക്കുക. ശേഷം ഇവ മൂന്നും ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ചർമ്മത്തിലെ സെബം അളവ് സന്തുലിതമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.

മൂന്ന്...

കാരറ്റിലെ ബീറ്റാ കരോട്ടിൻ, ഫിനോളിക് ആസിഡുകൾ, വിറ്റാമിൻ സി എന്നിവ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. ചർമ്മത്തിന് കേടുപാടുകൾ, സൂര്യപ്രകാശം, മറ്റ് ചർമ്മ അവസ്ഥകൾ എന്നിവ മൂലമുണ്ടാകുന്ന കറുത്ത പാടുകളും പാടുകളും തടയാൻ ഇവ സഹായിക്കുന്നു. കാരറ്റ് പേസ്റ്റും തേനും ചേർത്ത് മുഖത്തിടുന്നത് മുഖം തിളക്കമുള്ളതാകാൻ സ​ഹായിക്കും.

നാല്...

മുൾട്ടാണി മിട്ടി ചർമ്മത്തെ ആഴത്തിൽ നിന്ന് വൃത്തിയാക്കാനും അധിക എണ്ണ ആഗിരണം ചെയ്യാനും സഹായിക്കുന്നു. മുൾട്ടാണി മിട്ടി റോസ് വാട്ടറുമായി ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.